തിരുവനന്തപുരം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി നേതൃത്വം അയച്ചുവെന്ന് പറയുന്ന കത്ത് ലഭിച്ചിട്ടില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി.
ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിൽ സി.പി.എമ്മും ബി.ജെ.പിയുമാണെന്നും അവർ കുറ്റപ്പെടുത്തി. കത്ത് സി.പി.എമ്മിന്റെ പ്രൊപ്പഗന്റ മാത്രമാണ്. പാലക്കാട് കെ. സുധാകരനും വി.ഡി. സതീശനുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് നിർദേശിച്ചത്. സാധാരണ നടപടി ക്രമങ്ങൾ കൃത്യമായി പാലിച്ചാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും ദീപാദാസ് മുൻഷി പറഞ്ഞു.
സ്ഥാനാർഥി വിഷയവുമായി ബന്ധപ്പെട്ട് ഇനി ചർച്ചക്ക് പ്രസക്തിയില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയതോടെ ഈ ചോദ്യം തന്നെ അപ്രസക്തമാണെന്നും അവർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം പുറത്തുവന്ന കത്തിന് ആധികാരികതയില്ലെന്ന് പാലക്കാട് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ പറയുന്നത്. ഉപതെരഞ്ഞെടുപ്പിൽ പലരെയും സ്ഥാനാർഥിയാക്കാൻ ആവശ്യപ്പെട്ട് കത്ത് പോയിട്ടുണ്ട്. ഡി.സി.സി ആവശ്യപ്പെട്ട പട്ടികയിൽ വി.ടി. ബൽറാമും കെ. മുരളീധരനും ഒക്കെയുണ്ട്. കത്ത് പുറത്തുവന്നത് കൊണ്ട് ഇപ്പോൾ ഒന്നും സംഭവിക്കില്ല. നാഥനില്ലാത്ത കത്ത് അവഗണിക്കുകയാണ് വേണ്ടത്. ആർക്ക് വേണമെങ്കിലും തയാറാക്കാവുന്ന ഒന്നാണ് കത്ത് എന്നും തങ്കപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.