തൊടുപുഴ: കെ.എസ്.ഇ.ബി പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ മൂന്ന് ചെറുകിട ജലവൈദ്യുതി പദ്ധതികളുടെ നടത്തിപ്പ് എനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി) വഴി സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിച്ചു. വൈദ്യുതി മന്ത്രിയും കെ.എസ്.ഇ.ബി ചെയർമാനും പങ്കെടുത്ത അവലോകന യോഗം നേരത്തേതന്നെ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നതായി ഇ.എം.സി ഡയറക്ടർ അറിയിച്ചു.
ഇടുക്കിയിലെ വെസ്റ്റേൺ കല്ലാർ, പീച്ചാട്, പത്തനംതിട്ടയിലെ കീരിത്തോട് ജലവൈദ്യുതി പദ്ധതികളുടെ നടത്തിപ്പാണ് കെ.എസ്.ഇ.ബിയെ ഏൽപ്പിക്കുന്നത്. കെ.എസ്.ഇ.ബി മൂന്ന് പദ്ധതികളുടെയും ടെൻഡർ ഡ്രോയിങും എസ്റ്റിമേറ്റും സർവേ നടപടികളും പൂർത്തിയാക്കി നിർമാണത്തിലേക്ക് കടക്കാനിരിക്കെയാണ് നടത്തിപ്പ് ഏറ്റെടുക്കാൻ വൈദ്യുതി മന്ത്രി ഇ.എം.സിയോട് ആവശ്യപ്പെട്ടത്.
പദ്ധതികളുടെ നിരാക്ഷേപ പത്രവും ഡി.പി.ആറും ഇ.എം.സിക്ക് കൈമാറാൻ കെ.എസ്.ഇ.ബിയോടും നിർദേശിച്ചിരുന്നു. എന്നാൽ, നിർമാണ, ഉൽപാദന ചെലവ് വൻ തോതിൽ ഉയരാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ ബോർഡ് ഓഫിസേഴ്സ് അസോസിയേഷൻ ഉൾപ്പെടെ ഇതിനെതിരെ രംഗത്തെത്തി.
ഇതിന് പിന്നാലെ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ സിവിൽ വിഭാഗം പദ്ധതികളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയെന്നും അതിനാൽ നേരിട്ട് നടപ്പാക്കാൻ താൽപര്യമുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
തുടർന്നാണ് പദ്ധതികള്‍ സമയബന്ധിതമായി ഏറ്റെടുത്ത് നടപ്പാക്കാൻ ബോര്‍ഡിന് മന്ത്രി നിർദേശം നല്‍കിയത്. ഈ സാഹചര്യത്തിൽ മൂന്ന് പദ്ധതികളുടെയും തുടര്‍നടപടികള്‍ നിർത്തിവെച്ചതായി ഇ.എം.സി ഡയറക്ടർ അറിയിച്ചു. കെ.എസ്.ഇ.ബി അടുത്ത അഞ്ച് വർഷം നടപ്പാക്കാൻ ആസൂത്രണം ചെയ്തവയിൽ വരാത്തതിനാലാണ് മൂന്ന് പദ്ധതികൾ ഇ.എം.സി നേരിട്ട് നടപ്പാക്കുക എന്ന ആശയം മുന്നോട്ട് വെച്ചതെന്നും ഡയറക്ടർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.