തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചു വരുന്ന പൊലീസ് അതിക്രമങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കോൺഗ്രസ് എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.
പൊലീസിനെതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്. നിരന്തരം പൊലീസ് നിയമം കൈയിലെടുക്കുന്നതായി പരാതി ഉണ്ട്. പൊതുജനങ്ങളോട് പൊലീസ് മോശം പദപ്രയോഗങ്ങൾ നടത്തുന്നു. ഇത്തരം സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നില്ല. പൊലീസിനെ സർക്കാർ കയറൂരി വിട്ടിരിക്കുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. ജനമൈത്രി പൊലീസ് ജനദ്രോഹ പൊലീസ് ആയി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേസ് ചെന്നിത്തലയും ആരോപിച്ചു.
എന്നാൽ, സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രി എ.കെ. ബാലനാണ് സഭയിൽ മറുപടി പറഞ്ഞത്. പൊലീസ് ഉൾപ്പെട്ട ഒറ്റപ്പെട്ട അക്രമസംഭവങ്ങളിൽ ശക്തമായ നടപടിയുണ്ടാകും. കുറ്റക്കാർക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും ആലപ്പുഴയിലും മലപ്പുറത്തുമുണ്ടായ പോലീസ് അതിക്രമങ്ങളിൽ നടപടിയെടുത്തുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ പൊലീസ് മാതൃകപരമാമെന്ന് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. പല അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട അക്രമങ്ങൾക്കെതിരെ വകുപ്പുതലത്തിലും നിയമപരമായും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരത്തിൽ തൃപ്തിയാകാതെ പ്രതിപക്ഷം ഇറങ്ങിപ്പോകുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.