കൊച്ചി: തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നൽകിയ ഹരജിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഹൈകോടതി നോട്ടീസ്. ഗോവിന്ദനെതിരെ ഫേസ്‌ബുക്ക് ലൈവിലൂടെ അപകീർത്തി പരാമർശം നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്. ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളക്കും കോടതി നോട്ടീസ് ഉത്തരവായി. തുടർന്ന് ഹരജി ജൂൺ നാലിന് പരിഗണിക്കാൻ മാറ്റി.
ഫേസ്‌ബുക്ക് വഴി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണത്തിനെതിരെ സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നൽകിയ പരാതിയിലാണ് സ്വപ്‌നക്കും വിജേഷ് പിള്ളക്കുമെതിരെ പൊലീസ് കേസെടുത്തത്. ഗൂഢാലോചന, വ്യാജരേഖ ചമക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നൽകിയ നോട്ടീസ് ചോദ്യം ചെയ്‌ത് സ്വപ്‌ന നൽകിയ ഹരജിയിൽ കോടതി സ്റ്റേ അനുവദിച്ചിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. തുടർന്നാണ് കേസ് റദ്ദാക്കാൻ ഹരജിയുമായി ഹൈകോടതിയിലെത്തിയത്. വീണ്ടും സ്റ്റേ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.