കോട്ടയം: ബ്രിട്ടനിലെ നോട്ടിങ്ഹാമിൽ മിനി ബസ് അപകടത്തിൽ മരിച്ചവരിൽ കോട്ടയം സ്വദേശികളായ രണ്ടുപേരും. പാലാ ചേർപ്പുങ്കൽ കടുക്കുന്നേൽ ജോസഫിെൻറ (ഒൗത) മകൻ സിറിയക് ജോസഫ് (ബെന്നി-52), വിപ്രോയിൽ എൻജിനീയറായ കോട്ടയം ചാന്നാനിക്കാട് ഇരുപ്പപുഴ പരേതനായ രാജീവ്കുമാറിെൻറ മകൻ ഋഷി രാജീവ് (28) എന്നിവരാണ് മരിച്ചത്. ബ്രിട്ടനിലെ മോേട്ടാവേയുടെ സൗത്ത് ബൗണ്ട് കാര്യേജ് വേയിൽ മിനി ബസും രണ്ട് ട്രക്കുകളും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ മലയാളികളടക്കം എട്ടുപേരാണ് മരിച്ചത്. ഇതിൽ ആറ് തമിഴ്നാട് സ്വദേശികളുണ്ട്.
ശനിയാഴ്ച പുലർച്ച 3.15നാണ് അപകടം.അപകടത്തിൽപെട്ട അഞ്ചുവയസ്സുള്ള കുട്ടി രക്ഷപ്പെട്ടതായും നാലുപേരുടെ നില ഗുരുതരമാണെന്നുമാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. 16 വർഷമായി നോട്ടിങ്ഹാമിൽ താമസിക്കുന്ന ബെന്നി ‘എ.ബി.സി ട്രാവൽസ്’ എന്ന എയർപോർട്ട്, വിനോദയാത്ര സർവിസ് നടത്തുകയാണ്. ബെന്നിയുടെ വാഹനം വാടകക്കെടുത്ത് നോട്ടിങ്ഹാമിൽനിന്ന് ലണ്ടനിലേക്ക് വരുകയായിരുന്ന വിപ്രോയിലെ ജീവനക്കാരും കുടുംബാംഗങ്ങളും ഉൾപ്പെടെ 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ബ്രിട്ടനിൽ മൂന്നുദിവസം അവധിയായതിനാൽ ലണ്ടനിലെത്തി വെംബ്ലിയിൽനിന്ന് സ്റ്റാർ ടൂർസ് ആൻഡ് ട്രാവൽസ് കമ്പനി വഴി അഞ്ചുദിവസ യൂറോപ്യൻ പര്യടനമായിരുന്നു സംഘത്തിെൻറ ലക്ഷ്യം.
നോട്ടിങ്ഹാം മലയാളി കൂട്ടായ്മയുടെ നിറസാന്നിധ്യമായിരുന്നു ബെന്നി. ഭാര്യ: നോട്ടിങ്ഹാം സിറ്റി ആശുപത്രി നഴ്സും വെളിയന്നൂർ തടത്തിൽ കുടുംബാംഗവുമായ ആൻസി. മക്കൾ: വിദ്യാർഥികളായ ബെൻസൺ, ബെനീറ്റ്. അടുത്തമാസം നാലിന് നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടം. ഭാര്യയും മക്കളും ഏതാനും ദിവസം മുമ്പ് നാട്ടിലെത്തി മടങ്ങിയതാണ്. പാലാ സെൻറ് തോമസ് കോളജിൽ വിദ്യാർഥിയായിരിക്കെ കെ.എസ്.സിയുടെ സജീവ പ്രവർത്തകനായിരുന്നു ബെന്നി. പ്രവാസി കേരള കോൺഗ്രസ് നോട്ടിങ്ഹാം ഷയർ യൂനിറ്റ് പ്രസിഡൻറ്, നോട്ടിങ്ഹാം മലയാളി അസോസിയേഷൻ പ്രസിഡൻറ്, നോട്ടിങ്ഹാം സീറോ മലബാർ മാസ് സെൻറർ ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബെന്നിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാൻ നടപടി പൂർത്തിയായിവരുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു.
പുതുപ്പള്ളി െഎ.എച്ച്.ആർ.ഡിയിൽ പഠനം പൂർത്തിയാക്കിയശേഷമാണ് ഋഷിക്ക് ബംഗളൂരു വിപ്രോയിൽ ജോലികിട്ടിയത്. തുടർന്ന് ഒരുവർഷത്തെ ഡെപ്യൂേട്ടഷനിൽ ജനുവരിയിലാണ് ബ്രിട്ടനിലേക്ക് പോയത്. ബ്രിട്ടനിലെ മൂന്നുദിവസത്തെ അവധി ആഘോഷിക്കാൻ വിപ്രോയിലെ സുഹൃത്തുകൾക്കൊപ്പം യൂറോപ്യൻ പര്യടനസംഘത്തിൽ ചേരുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ എംബസിയടക്കമുള്ളവരുടെ സഹായം ബന്ധുക്കൾ തേടി. മാതാവ്: ഉഷ. സേഹാദരങ്ങൾ: ദേവശ്രീ, അദ്വൈത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.