കോട്ടയത്ത് നിയമസഭയിലായാലും ലോക്സഭയിലായാലും ഇടതുമുന്നണിക്കൊപ്പം നിൽക്കുമ്പോൾ അവരെയും വലതിനൊപ്പം നിൽക്കുമ്പോൾ അവരെയും ജയിപ്പിക്കാൻ വേണ്ടത്ര വിഭവങ്ങളുളള പാർട്ടിയാണ് കേരള കോൺഗ്രസ് (എം). പക്ഷേ, മത്സരിക്കുന്നത് സ്വന്തം സ്ഥാനാർഥിയാകുമ്പോൾ എന്തുചെയ്യണമെന്ന കാര്യത്തിൽ ഇപ്പോഴും അവർക്ക് വ്യക്തതയില്ല. നിങ്ങളെ ഞങ്ങൾ സഹായിക്കാം എന്നു പറഞ്ഞാണ് മാണി വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായത്. ഇപ്പോൾ മാണി ഗ്രൂപ്പിനെ ആരു രക്ഷിക്കുമെന്ന് അറിയാത്ത അവസ്ഥയായി.
ഭരണമുന്നണിക്ക് കോട്ടയം ജില്ലയിൽ നിലവിൽ രണ്ട് അധികാര കേന്ദ്രങ്ങളാണുള്ളത്. കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ. മാണിയും സി.പി.എമ്മിന്‍റെ തലമുതിർന്ന നേതാവും സഹകരണ മന്ത്രിയുമായ വി.എൻ വാസവനും. മേഖലയിൽ സമ്പൂർണ ആധിപത്യം നേടുകയെന്നത് രണ്ടു കൂട്ടരുടെയും ഭാവി ശോഭനമാക്കുന്നതിന് അനിവാര്യമാണ്. ഇടതുമുന്നണിക്കുവേണ്ടി മത്സരിച്ച നിലവിലെ എം.പി കൂടിയായ കേരള കോൺഗ്രസ് (എം) നേതാവ് തോമസ് ചാഴിക്കാടൻ കഴിഞ്ഞ തവണ തോൽപിച്ചത് വി.എൻ. വാസവനെയാണ്. മാത്രമല്ല വി.എൻ. വാസവൻ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന ഏറ്റുമാനൂർ മണ്ഡലം വളരെക്കാലം തോമസ് ചാഴിക്കാടൻ കുത്തകയാക്കി വെച്ചിരുന്നതാണ്. ഇത്രയും മനസിൽ വെച്ച് ചില കണക്കുകൾ നോക്കാം.
2019ലെ ലോകസഭ തെരഞ്ഞെടുപ്പിൽ അന്നത്തെ എൽ.ഡി.എഫ് സ്ഥാനാർഥി വാസവന് ഏറ്റുമാനൂർ മണ്ഡലത്തിൽ കിട്ടിയത് 46,911 വോട്ടുകൾ. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥി തോമസ് ചാഴിക്കാടനു കിട്ടിയത് 37,261 വോട്ടുമാത്രം. കുറഞ്ഞത് 9650 വോട്ടുകൾ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വാസവന് കിട്ടിയത് 58,289 വോട്ടുകൾ. ഇതുമായി താരതമ്യപ്പെടുത്തിയാൽ 2024ൽ ചാഴിക്കാടന് ലോക്സഭയിലേക്ക് കുറഞ്ഞത് 21028 വോട്ടുകൾ.
ഏറ്റുമാനൂർ മണ്ഡലത്തിലെ ഈഴവ വോട്ടുകൾ ബി.ഡി.ജെ.എസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്കു മറിഞ്ഞു എന്നതാണ് ന്യായമെങ്കിൽ കണക്കുകൾ അതിനെ സാധൂകരിക്കുന്നില്ല. 2019ൽ ബി.ജെ.പി സ്ഥാനാർഥി നേടിയത് 20112 വോട്ടാണ്. 2024ൽ കിട്ടിയത് 24412. വർധന 4300 വോട്ടുമാത്രം. 2019നെ അപേക്ഷിച്ച് എൽ.ഡി.എഫിൽ നിന്നും രാഷ്ട്രീയ പാർട്ടികളൊന്നും വിട്ടുപോയിട്ടില്ല. കേരള കോൺഗ്രസ് മാണി ഗ്രൂപ് ഇടതുമുന്നണിയുടെ ഭാഗമാവുകയും ചെയ്തു. എന്നിട്ടാണ് ചാഴിക്കാടന് വൻസ്വാധീനമുള്ള ഏറ്റുമാനൂരിൽ 9650 വോട്ടുകൾ കുറഞ്ഞത്.
പഴയ എം.എൽ.എ ചാഴിക്കാടനും നിലവിലെ എം.എൽ.എ വി.എൻ. വാസവനും ഒത്തുപിടിച്ചാൽ ഏറ്റുമാനൂരിലെ ഭൂരിപക്ഷം വോട്ടും ഇടതുമുന്നണിക്ക് അനുകൂലമാകേണ്ടതായിരുന്നു. പക്ഷേ, വി.എൻ. വാസവന് പത്തനംതിട്ടയിൽ തോമസ് ഐസക്കിനുവേണ്ടി പ്രചാരണം നടത്താനായിരുന്നു താൽപര്യമെന്ന് മാണിഗ്രൂപ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. വാസവന്‍റെ മാറിനിൽക്കൽ സി.പി.എം വോട്ടർമാർക്കുള്ള സന്ദേശമായിരുന്നുവെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
കോട്ടയം ലോക്സഭാ മണ്ഡലത്തിൽ 2019ൽ വാസവന് 313,492 വോട്ടുകൾ ലഭിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കിട്ടിയത് 272,418 വോട്ടുകൾ മാത്രം. 41074 വോട്ടുകളുടെ കുറവ്. എൽ.ഡി.എഫിന്റെ 10,000 വോട്ടുകൾ ബി.ഡി.ജെ.എസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി അധികമായി പിടിച്ചതെന്ന് അവകാശപ്പെട്ടാലും 31,074 വോട്ടുകൾ എവിടെപോയി എന്ന് അന്വേഷിക്കേണ്ടിവരും. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോട്ടയം ലോകസഭാമണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിൽ നിന്നും എൽ.ഡി.എഫിനു കിട്ടിയത് 400,191 വോട്ടുകളായിരുന്നു. 2021ൽ നിന്നും 2024ൽ എത്തിയപ്പോൾ ഇടതുമുന്നണിക്കു നഷ്ടപ്പെട്ടത് 127773 വോട്ടുകൾ!
വിവിധ നിയമസഭ മണ്ഡലങ്ങളുടെ പരിധിയിൽ എൽ.ഡി.എഫിനുണ്ടായ വോട്ടുചോർച്ച കോട്ടയം -9060, ഏറ്റുമാനൂർ -9450, പിറവം -11157, വൈക്കം -11214, പുതുപ്പള്ളി -7510 എന്നിങ്ങനെയാണ്. ആകെ 50777 വോട്ടുകളുടെ നഷ്ടം. പാലായിൽ 6331 വോട്ടും കടുത്തുരുത്തിയിൽ 1186 വോട്ടും കൂടിയിട്ടുണ്ട്. അതിനർഥം കേരള കോൺഗ്രസ് മാണി വിഭാഗത്തിനു ശക്തിയുള്ള ഇടങ്ങളിൽ വോട്ടുകൂടിയെന്നതാണ്. സി.പി.എം, സി.പി.ഐ ശക്തികേന്ദ്രങ്ങളിൽ വോട്ടുകുറഞ്ഞു.
കോട്ടയത്തെ ദയനീയപരാജയത്തിനു കാരണം ഭരണവിരുദ്ധ വോട്ടുകളാണെന്ന് പൊതുജനങ്ങളോടു പറയാമെങ്കിലും അണികൾക്ക് എന്തു വിശദീകരണം നൽകുമെന്ന ആശയക്കുഴപ്പം മാണി വിഭാഗം നേതാക്കൾക്കുണ്ട്. വോട്ടുചോർച്ച എങ്ങനെയുണ്ടായി എന്ന് മാണി വിഭാഗത്തോട് വിശദീകരിക്കാൻ സി.പി.എമ്മും സി.പി.ഐയും ബുദ്ധിമുട്ടും. ഇടതുമുന്നണിയിൽ മാണിഗ്രൂപ്പിന്‍റെ നിലനിൽപ്പിനെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്യുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.