തൃശൂർ: കോവിഡ് 19 സമൂഹ വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികൾക്ക് ആശങ്ക വേണ്ട. ജോലിചെയ്യാൻ റെഡിയാണെങ്കിൽ പണിതരാൻ ‘ആപ്’ ഉണ്ട്. സംസ്ഥാന സർക്കാറിെൻറ സ്കിൽ രജിസ്ട്രി മൊബൈൽ ആപ്ലിക്കേഷനാണ് ഇവർക്കായി അവസരമൊരുക്കിയിരിക്കുന്നത്. കേരള അക്കാദമി ഫോർ എക്സലൻസ്, വ്യാവസായിക പരിശീലന വകുപ്പിെൻറയും കുടുംബശ്രീയുടെയും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളുടെയും സഹകരണത്തോടെ ഒരുവർഷം മുമ്പാണ് ആപ്പിന് തുടക്കമിട്ടത്. ഇപ്പോൾ പ്രവാസികളുടെ തിരിച്ചുവരവോടെ ആപ് വീണ്ടും സജീവമാക്കുകയാണ്. പ്രവാസികൾക്ക് മാത്രമല്ല, ലോക്ഡൗണിൽ തൊഴിലില്ലാതെ വലഞ്ഞുപോയ ദൈനംദിന ഗാർഹിക-വ്യാവസായിക തൊഴിലാളികൾക്കും സേവനം ഉപയോഗപ്പെടുത്താം. മരപ്പണിക്കാരനോ, പ്ലംബറോ ഇലക്ട്രീഷ്യനോ കെട്ടിടനിർമാണ തൊഴിലാളിയോ ആരായാലും ആപ്പിൽ അവസരമുണ്ട്. യോഗ്യതയും വൈദഗ്ധ്യവും കൂലിയും പരിശോധിച്ച് ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാം. അടിയന്തരാവശ്യത്തിന് ഒന്നോ രണ്ടോ മണിക്കൂർ മാത്രം തൊഴിലാളികളെ ആവശ്യമുള്ളവർക്കും ഇത് ഉപയോഗപ്പെടുത്താം. ഉപഭോക്താവിെൻറ സംതൃപ്തി അനുസരിച്ച് തൊഴിലാളിക്ക് സ്റ്റാർ റേറ്റിങ്ങും നൽകാനാവും.
ആദ്യവിഭാഗത്തിൽ ഗൃഹോപകരണങ്ങളുടെ അറ്റകുറ്റപ്പണികളും സർവിസിങ്ങും ചെയ്യുന്നവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡ്രൈവർമാർ, വീട്ടുജോലിക്കാർ, ക്ലീനിങ് തൊഴിലാളികൾ, തെങ്ങുകയറ്റക്കാർ, തുണി അലക്കുകയും തേക്കുകയും ചെയ്യുന്നവർ, ഡേ കെയറുകൾ, ഹോം നഴ്സുമാർ, ആശുപത്രികളിലും വീടുകളിലും വയോജന പരിപാലനം നടത്തുന്നവർ, വീട്ടിലെത്തി കുട്ടികളെ നോക്കുന്നവർ, വീടുകളിലെത്തി പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ പരിശോധിക്കുന്നവർ, മൊബൈൽ ബ്യൂട്ടിപാർലർ സേവനം നടത്തുന്നവർ എന്നിവർ ഈ സർവിസിലുൾപ്പെടും.
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് സൗജന്യമായി ആപ് ഡൗൺലോഡ് ചെയ്ത്, അടിസ്ഥാന വിവരങ്ങൾ നൽകി തൊഴിലാളിയായോ തൊഴിൽ ദായകനായോ രജിസ്റ്റർ ചെയ്യാം. തൊഴിലാളിയെ തേടുന്നവർക്ക് കുറച്ചുവിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. തൊഴിൽ അന്വേഷകർ അറിയാവുന്ന തൊഴിൽ, കൂലി, തിരിച്ചറിയൽ രേഖ എന്നിവ നിർബന്ധമായും അപ്ലോഡ് ചെയ്യണം. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കുന്നതിന് സമീപത്തെ സർക്കാർ ഐ.ടി.ഐയിലോ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.