തെരഞ്ഞെടുപ്പിനു മുമ്പ് സഹായം തേടി, ഇപ്പോൾ തള്ളിപ്പറയുന്നു -വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് എൻ.എസ്.എസ്

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി എൻ.എസ്.എസ്. തെരഞ്ഞെടുപ്പിൽ സഹായം തേടിയ പ്രതിപക്ഷ നേതാവ് സ്ഥാനലബ്ധിയില്‍ മതിമറന്ന് മത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയില്‍ വിമര്‍ശിക്കുകയാണെന്ന് എൻ.എസ്.എസ് പ്രസ്താവനയിൽ പറഞ്ഞു.

പ്രതിപക്ഷ നേതാവ് തല്‍സ്ഥാനം ഉറപ്പായി എന്നറിഞ്ഞപ്പോള്‍ മുതല്‍ മത - സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയില്‍ വിമര്‍ശിച്ചുള്ള പ്രസ്താവനകള്‍ കാണാനിടയായി. പ്രതിപക്ഷനേതാവും ഇത്തവണ തെരഞ്ഞെടുപ്പില്‍ സഹായം അഭ്യര്‍ത്ഥിച്ച് എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തി ഒരു മണിക്കൂറോളം ചെലവഴിച്ചതാണ്. താലൂക്ക് യൂണിയന്‍ നേതൃത്വത്തെയും കരയോഗ നേതൃത്വങ്ങളെയും നേരിട്ടുകണ്ട് അവരോടും സഹായം അഭ്യര്‍ത്ഥിച്ചു. എന്നിട്ടാണ് പുതിയ സ്ഥാന ലബ്ധിയില്‍ മതിമറന്ന് ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തുന്നതെന്നും വി.ഡി. സതീശനെതിരെ എൻ.എസ്.എസ് പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.

പാര്‍ട്ടിയുടെ നയപരമായ നിലപാടുകള്‍ വ്യക്തമാക്കേണ്ടത് കെ.പി.സി.സി.യാണ്, പ്രതിപക്ഷനേതാവല്ല. മത-സാമുദായികസംഘടനകളോടും അതിൻെറ നേതാക്കളോടുമുള്ള പുതിയ പ്രതിപക്ഷനേതാവിെൻറ ഇപ്പോഴത്തെ സമീപനം സംബന്ധിച്ചും, ശബരിമല വിശ്വാസസംരക്ഷണം സംബന്ധിച്ചും കെ.പി.സി.സി.യുടെ നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ട്. ആവശ്യം വരുമ്പോള്‍ മത - സാമുദായികസംഘടനകളെ സമീപിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആര്‍ക്കും യോജിച്ചതല്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പില്‍ ആര്‍ക്കും എതിരായ ഒരു നിലപാട് എന്‍.എസ്.എസ്. സ്വീകരിച്ചിട്ടില്ലെന്നും എൻ.എസ്.എസ് പറയുന്നു. ഈ തെരഞ്ഞെടുപ്പില്‍ മുന്നണി വ്യത്യാസമില്ലാതെ, എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍പ്പെട്ട ബഹുഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും എന്‍.എസ്.എസ്സില്‍ വന്ന് സഹായം അഭ്യര്‍ത്ഥിക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് ദിവസത്തില്‍ ഉണ്ടായ എന്‍.എസ്.എസ്സിൻെറ അഭിപ്രായപ്രകടനം വിവാദമാക്കിയെങ്കിലും യഥാര്‍ത്ഥത്തില്‍ അത് ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ മുന്നണിക്കോ എതിരായിരുന്നില്ലെന്നും പ്രസ്താവനയിൽ എൻ.എസ്.എസ് പറയുന്നു.

Tags:    
News Summary - NSS statement against VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.