സ്നേഹമെന്ന വജ്രായുധമുപയോഗിച്ച് പെൺകുട്ടികളെ മതപരിവർത്തനം ചെയ്യുന്നുവെന്ന് എൻ.എസ്.എസ്

കോട്ടയം: നാർകോട്ടിക് ജിഹാദ് ആരോപണത്തെ തുടർന്നുണ്ടായ വിവാദത്തിൽ നിലപാട് വ്യക്തമാക്കി എൻ.എസ്.എസ്. സ്നേഹമെന്ന വജ്രായുധമുപയോഗിച്ചും മറ്റു പ്രലോഭനങ്ങൾ ഉപയോഗിച്ചും പെൺകുട്ടികളെ വലയിൽ വീഴ്ത്തി നിർബന്ധിത മതപരിവർത്തനം ചെയ്യുന്ന ഭീകരവാദപ്രവർത്തനം നാട്ടിൽ നടന്നുവരുന്നുവെന്നത് ആശങ്കാജനകമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.

മനുഷ്യരാശിക്ക് തന്നെ സഹിക്കാനും പൊറുക്കാനും വയ്യാത്ത, രാജ്യദ്രോഹപരമായ പ്രവർത്തനം നടത്തുന്നവരെ കണ്ടുപിടിച്ച് അമർച്ച ചെയ്യേണ്ട ബാധ്യതയും കടമയും കേന്ദ്രത്തിനും സംസ്ഥാന സർക്കാറിനുമുണ്ട്. എന്നാൽ, ഇത്തരം പ്രവർത്തനങ്ങൾക്ക് ഏതെങ്കിലും മതത്തിന്‍റെയോ സമുദായത്തിന്‍റെയോ പരിവേഷം നൽകുന്നത് ശരിയല്ല.

ഇത്തരം പ്രവൃത്തികൾക്ക് വശംവദരാകാതിരിക്കാൻ ജനങ്ങളും ബന്ധപ്പെട്ട സമുദായ സംഘടനകളും ആവശ്യമായ മുൻകരുതലും പ്രചാരണങ്ങളും നടത്തേണ്ടതുണ്ട്. മതവിദ്വേഷവും വിഭാഗീയതയും വളർത്തി രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന ഇത്തരം പ്രവണതകളെ തൂത്തെറിയാൻ ജാതിമതഭേദമന്യേ കൂട്ടായി പരിശ്രമിക്കണമെന്നും എൻ.എസ്.എസ് പ്രസ്താവനയിൽ പറഞ്ഞു. 

Tags:    
News Summary - NSS statement related to narcotic jihad controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.