കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിൽ വെള്ളിയാഴ്ച വിധി. 105 ദിവസത്തെ വിചാരണക്കൊടുവിലാണ് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാർ വിധി പറയുക. 2019 ഏപ്രില്‍ നാലിന് കുറ്റപത്രം സമര്‍പ്പിച്ച് കേസിന്റെ വിചാരണ 2020 ഒക്ടോബറിലാണ് ആരംഭിച്ചത്.
കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെ നാല് ബിഷപ്പുമാർ കേസിൽ സാക്ഷികളായിരുന്നു. 25 കന്യാസ്ത്രീകൾ, 11 വൈദികർ, രഹസ്യമൊഴിയെടുത്ത മജിസ്ട്രേറ്റുമാർ, വൈദ്യപരിശോധന നടത്തിയ ഡോക്ടർ എന്നിവരടക്കം 39 പേരെയാണ് വിസ്തരിച്ചത്.
പ്രോസിക്യൂഷൻ വിസ്തരിച്ച ഇവരെല്ലാം കന്യാസ്ത്രീക്ക് അനുകൂലമൊഴിയാണ് നൽകിയത്. മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട്ടെ മഠത്തിലെത്തി ജലന്തര്‍ രൂപത ബിഷപ്പായിരുന്ന ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ പലതവണ പീഡിപ്പിച്ചതായ കന്യാസ്ത്രീയുടെ പരാതിയില്‍ 2018 ജൂണ്‍ 29നാണ് കുറവിലങ്ങാട് പൊലീസ് കേസെടുത്തത്. എന്നാൽ, അറസ്റ്റ് ചെയ്യാൻ വൈകിയതോടെ പ്രതിഷേധം തെരുവിലേക്ക് നീണ്ടു. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ പ്രത്യക്ഷസമരവുമായി എത്തി. തുടർന്ന്, സെപ്റ്റംബര്‍ 21ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ, പിന്നീട് ജാമ്യം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.