തിരുവനന്തപുരം/തൃശൂര്‍: മൂന്ന് ദിവസമായി തൃശൂർ ജില്ലയിൽ നടക്കുന്ന നഴ്സുമാരുടെ പണിമുടക്ക് അവസാനിപ്പിക്കാൻ തിരുവനന്തപുരത്ത് നടന്ന മന്ത്രിതല ചർച്ച പരാജയെപ്പട്ടു. എന്നാൽ, അടിസ്ഥാന ശമ്പളത്തിെൻറ 50 ശതമാനം വര്‍ധിപ്പിച്ചു നൽകാമെന്ന്സമ്മതിച്ച എട്ട് ആശുപത്രികളിലെ സമരം ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ കരാറിൽ ഒപ്പുവെച്ചാൽ അവസാനിപ്പിക്കുമെന്ന് യു.എൻ.എ അറിയിച്ചു.
സമരം നടക്കുന്ന ആശുപത്രികളില്‍ സമവായമുണ്ടാക്കാന്‍ തൃശൂർ ജില്ല ലേബര്‍ ഓഫിസര്‍ രജീഷിനെ ചുമതലപ്പെടുത്തി. 27ന് നടക്കുന്ന വ്യവസായ ബന്ധസമിതി (ഐ.ആർ.സി) മീറ്റിങ്ങില്‍ സംസ്ഥാനത്തെ നഴ്സിങ് മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് ശമ്പളവര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രിമാരായ എ.സി. മൊയ്തീനും വി.എസ്. സുനില്‍കുമാറും അറിയിച്ചു. ഈ ചര്‍ച്ചയിലും പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ ഉണ്ടാകുമെന്നും മന്ത്രിമാർ വ്യക്തമാക്കി. മിനിമം വേതനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ഒരുമാസത്തെ സാവകാശം ചോദിച്ചിട്ടുണ്ട്.
ആശുപത്രികളില്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത് അംഗീകരിക്കാനാവില്ല. നിയമപരമായി നോട്ടീസ് നൽകിയശേഷമേ ആശുപത്രികളില്‍ സമരപരിപാടികള്‍ നടത്താവൂ എന്ന നിലപാടാണ് സര്‍ക്കാറിനുള്ളതെന്നും മന്ത്രി സുനില്‍കുമാര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന മന്ത്രിതല ചര്‍ച്ചയില്‍ കുറഞ്ഞ വേതനം സംബന്ധിച്ച് തീരുമാനമൊന്നുമായിട്ടില്ലെന്ന് യു.എൻ.എ സംസ്ഥാന പ്രസിഡൻറ് ജാസ്മിന് ഷാ വാർത്താക്കുറിപ്പില്‍ അറിയിച്ചു. ജില്ലയിലെ ഏതാനും ആശുപത്രികള്‍ താൽകാലിക ഇടക്കാലാശ്വാസം നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നാണ് യോഗത്തില്‍ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന് (കെ.പി.എച്ച്.എ) ഭാരവാഹികള്‍ അറിയിച്ചത്.
ഇതിനിടെ മന്ത്രിതല ചർച്ച നടക്കുന്നതിനിടെ തൃശൂരില്‍ തുടരുന്ന നഴ്സിങ് സമരം പിന്‍വലിച്ചെന്ന് വാര്‍ത്ത പ്രചരിച്ചത് ആശയക്കുഴപ്പത്തിനിടയാക്കി. ഇൗ പ്രചാരണം തെറ്റാണെന്ന് നഴ്സസ് അസോസിയേഷന് വാർത്താക്കുറിപ്പില്‍ അറിയിച്ചു. കലക്ടറേറ്റ് പടിക്കൽ നടക്കുന്ന സമരം തുടരും. ഇതിനിടെ സ്വകാര്യ ആശുപത്രികളുടെ ഒ.പി പ്രവർത്തനം ഏതാണ്ട് പൂർണമായും നിലച്ച അവസ്ഥയിലായി. കിടത്തിച്ചികിത്സ യിലുള്ള രോഗികളും ആശുപത്രി വിട്ടൊഴിഞ്ഞു തുടങ്ങി. മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി, ജില്ല, താലൂക്ക് ആശുപത്രികളിലെല്ലാം പനിബാധിതരടക്കമുള്ള രോഗികളുടെ തിരക്കേറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.