തിരുവനന്തപുരം: ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ലേബർ കമീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിന്. ശമ്പളപരിഷ്‌കരണ വിജ്ഞാപനം സർക്കാർ ഉടന്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ലേബര്‍ കമീഷണറുമായി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) ശനിയാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഇനി സര്‍ക്കാറുമായി ചര്‍ച്ചക്കില്ലെന്ന് കമീഷണറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം യു.എന്‍.എ സംസ്ഥാന പ്രസിഡൻറ് ജാസ്മിന്‍ ഷാ വ്യക്തമാക്കി. ആവശ്യങ്ങള്‍ പരിശോധിക്കാന്‍ ഒരുമാസത്തെ സമയം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. മൂന്നു മാസമായിട്ടും ഒരുതീരുമാനവും എടുക്കാത്ത സാഹചര്യത്തില്‍ ഇനി ചര്‍ച്ചയുമായി മുന്നോട്ട് പോകുന്നതില്‍ അർഥമില്ലെന്ന് ജാസ്മിന്‍ ഷാ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തേ പ്രഖ്യാപിച്ചതുപോലെ 24ന് ചേര്‍ത്തലയില്‍നിന്ന് സെക്രേട്ടറിയറ്റിന് മുന്നിലേക്ക് ‘വാക്ക് ഫോര്‍ ജസ്റ്റിസ്’ എന്ന മുദ്രാവാക്യവുമായി ലോങ് മാര്‍ച്ച് നടത്തും. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ആശുപത്രി നഴ്‌സുമാരും പണിമുടക്കി മാര്‍ച്ചില്‍ പങ്കുചേരും. നഴ്‌സുമാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് പ്രധാന ആവശ്യം. ഇതുസംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് പാലിക്കാന്‍ സര്‍ക്കാറും മാനേജുമെൻറുകളും തയാറാകണമെന്നും യു.എന്‍.എ ആവശ്യപ്പെട്ടു.
ശമ്പള പരിഷ്‌കരണം തീരുമാനിക്കാന്‍ നിയോഗിച്ച ഉപദേശ സമിതി റിപ്പോര്‍ട്ട് പ്രകാരം നേരത്തേ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. എന്നാല്‍, വിജ്ഞാപനം ചോദ്യം ചെയ്ത് ആശുപത്രി മാനേജുമെൻറുകള്‍ ഹൈകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. പിന്നീട് ഹൈകോടതിതന്നെ സ്റ്റേ നീക്കി തീരുമാനമെടുക്കാനുള്ള അവകാശം സര്‍ക്കാറിന് നല്‍കി. ഇതിനു പിന്നാലെ വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അനന്തമായി നീളുകയാണ്. മാര്‍ച്ച് 31നു മുമ്പ് വിജ്ഞാപനം പുറത്തിറക്കുമെന്നായിരുന്നു സര്‍ക്കാറിെൻറ വാഗ്ദാനം. ഇതു നടക്കാതെ വന്നതോടെ ഏപ്രില്‍ 10ന് നഴ്‌സുമാര്‍ വീണ്ടും സമരമുഖത്തിറങ്ങി.
ഇതിനിടെ സെക്രേട്ടറിയറ്റ് പടിക്കല്‍ നടന്നുവരുന്ന സമരം ഏഴാംദിവസത്തിലേക്ക് കടന്നു. ഏപ്രിൽ 24ന് മുമ്പ് ശമ്പള വിജ്ഞാപനം ഇറക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന കാര്യം യു.എൻ.എ സര്‍ക്കാറിനെ നേരത്തേ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലേബര്‍ കമീഷണര്‍ ശനിയാഴ്ച ചര്‍ച്ചക്ക് വിളിച്ചത്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ മുഴുവന്‍ സമരരംഗത്തിറങ്ങുന്നതോടെ ആരോഗ്യ മേഖലയില്‍ വന്‍പ്രതിസന്ധിയാണ് സര്‍ക്കാറിനെ കാത്തിരിക്കുന്നത്. സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം 24 മുതല്‍ തടസ്സപ്പെടാനാണ് സാധ്യത. മുമ്പ് നഴ്‌സുമാര്‍ ഒ.പി മാത്രം ബഹിഷ്‌കരിച്ച് അത്യാഹിത വിഭാഗത്തിലെ ജോലികള്‍ ചെയ്താണ് സമരത്തില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍, ശമ്പള വര്‍ധനയില്ലെങ്കില്‍ പൂര്‍ണമായും ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാനാണ് നഴ്‌സിങ് സംഘടനകളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.