തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാര്‍ക്ക് വേതനം പുതുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനമിറക്കാൻ തിരക്കിട്ടനീക്കം. ഇത് സംബന്ധിച്ച നടപടികൾ അവസാനഘട്ടത്തിലെന്നാണ് വിവരം. കഴിഞ്ഞ ദിവസം ലേബർ കമീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ചൊവ്വാഴ്ച മുതൽ പണിമുടക്കിന് ആഹ്വാനംചെയ്തിരിക്കുകയാണ്. അന്നുതന്നെ ചേർത്തലയിൽനിന്ന് തിരുവനന്തപുരത്തേക്ക് നഴ്സുമാരുടെ ലോങ്മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് അന്തിമവിജ്ഞാപനത്തിനുള്ള നീക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നത്. നടപടികൾക്ക് 10 ദിവസം ലേബർ കമീഷണർ സാവകാശമാവശ്യപ്പെട്ടിട്ടും യു.എൻ.എ വഴങ്ങാത്ത സാഹചര്യത്തിൽ വിശേഷിച്ചും.
അന്തിമവിജ്ഞാപനത്തിൽ ഏറ്റവുംകുറഞ്ഞ വേതനം 20000 രൂപയായി നിശ്ചയിക്കുന്നതിനൊപ്പം ആശുപത്രിക്കിടക്കകളുടെ എണ്ണം വര്‍ധിക്കുന്നതിന് ആനുപാതികമായി ശമ്പളവും 20000 രൂപയിലധികം വിവിധ തലങ്ങളില്‍ ഉറപ്പാക്കുമെന്നാണ് വിവരം. സര്‍ക്കാറിന് മിനിമം വേതന ഉപദേശകസമിതി സമര്‍പ്പിച്ച ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാവും അന്തിമതീരുമാനം. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമംവേതനം പുതുക്കിനിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച യോഗത്തില്‍ സ്റ്റാഫ് നഴ്സുമാര്‍ക്കുള്ള ആകെ വേതനം ഏറ്റവുംകുറഞ്ഞത് 20000 രൂപയാക്കി ഉയര്‍ത്തി നിശ്ചയിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. മിനിമം വേതനം അഡ്വൈസറി കമ്മിറ്റി സര്‍ക്കാറിന് സമര്‍പ്പിച്ച ശിപാര്‍ശയിലും ഏറ്റവുംകുറഞ്ഞ വേതനം 20000 രൂപയായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മിനിമം വേതന വര്‍ധനവ് സംബന്ധിച്ച പ്രാഥമിക വിജ്ഞാപനത്തില്‍ 400-ഓളം ആക്ഷേപങ്ങളാണ് ആകെ ലഭിച്ചത്. ഈ ആക്ഷേപങ്ങള്‍ പരിഗണിക്കാനും പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും നിയമപരമായ ബാധ്യത മിനിമംവേതന ഉപദേശകസമിതിക്കുണ്ട്. ഈ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നത്. മാര്‍ച്ച് 31-നകം അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നത്. എന്നാൽ ഹൈകോടതിയില്‍ കേസ് നിലവിലുണ്ടായിരുന്ന സാഹചര്യത്തിലാണ് നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിയാതിരുന്നതെന്നാണ് സർക്കാർ വിശദീകരണം. മിനിമംവേതന ഉപദേശകസമിതിയുടെ ശിപാര്‍ശ സര്‍ക്കാറിന് ലഭിക്കുകയും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള വിലക്ക് ഹൈകോടതി നീക്കുകയും ചെയ്ത സാഹചര്യത്തില്‍ വലിയ കാലതാമസമുണ്ടാകില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. നഴ്സുമാരടക്കം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് നിലവിൽ ലഭിക്കുന്ന വേതനം 2013 നവംബർ അഞ്ചിലെ സർക്കാർ വിജ്ഞാപനപ്രകാരമുള്ളതാണ്. ഇതനുസരിച്ച് നഴ്സുമാരുടെ അടിസ്ഥാനശമ്പളം 8975 രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.