തിരുവനന്തപുരം: മാനേജ്മെന്റ് ക്വോട്ട സീറ്റുകളിലേക്കുളള കേന്ദ്രീകൃത പ്രവേശന രീതിക്ക് ജി.എസ്.ടി ഒഴിവാക്കാമെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഉറപ്പിൽ സ്വാശ്രയ നഴ്സിങ് പ്രവേശന പ്രതിസന്ധി അയഞ്ഞു. 2017 മുതൽ 2023 വരെയുള്ള അപേക്ഷാ ഫീസിന് ജി.എസ്.ടി ഒഴിവാക്കാൻ മുഖ്യമന്ത്രിയുമായും ധനകാര്യ മന്ത്രിയുമായി സംസാരിച്ച് ധാരണയിലെത്താമെന്ന് ആരോഗ്യമന്ത്രി മാനേജ്മെന്റ് അസോസിയേഷനുമായുള്ള ചർച്ചയിൽ ഉറപ്പുനൽകി. നഴ്സിങ് കോളജുകൾക്ക് കേരള നഴ്സിങ് കൗൺസിലിന്റെ അഫിലിയേഷൻ കഴിഞ്ഞ വർഷത്തെ അഫിലിയേഷന് സമാനമായി ഇൻസ്പെക്ഷൻ ഇല്ലാതെ ഈ വർഷവും തുടരാൻ തീരുമാനമെടുക്കാമെന്നും മന്ത്രി അറിയിച്ചു. ഉറപ്പുകളെ തുടർന്ന് മാനേജ്മെന്റ് ക്വോട്ട സീറ്റുകളിലേക്ക് ഒറ്റക്ക് പ്രവേശനം നടത്താനുള്ള തീരുമാനം ഉപേക്ഷിക്കാനും പകരം കഴിഞ്ഞ വർഷം വരെ പിന്തുടർന്ന കേന്ദ്രീകൃത രീതി തുടരാമെന്നും മാനേജ്മെന്റ് അസോസിയേഷൻ വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കിയുള്ള ജി.എസ്.ടി കൗൺസിലിന്റെ തീരുമാനം അംഗീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. 2017 മുതൽ 2023 വരെയുള്ള കാലയളവിൽ ആരോഗ്യ സർവകലാശാലക്ക് അടച്ച പരീക്ഷാഫീസ് ഉൾപ്പെടെ മുഴുവൻ ഫീസുകൾക്കും 18 ശതമാനം ജി.എസ്.ടിയും പലിശയും പിഴയും പിഴപ്പലിശയും അടയ്ക്കാമെന്ന് 200 രൂപയുടെ മുദ്രപ്പത്രത്തിൽ ബോണ്ട് നൽകണമെന്ന് സർവകലാശാല നിർദേശിച്ചിരുന്നു. അതിനു തയാറല്ലെന്നായിരുന്നു മാനേജ്മെന്റുകളുടെ നിലപാട്. സർവകലാശാല വൈസ് ചാൻസലറുമായി സംസാരിച്ചതായും ജി.എസ്.ടി ഈടാക്കരുതെന്ന് ധാരണയിൽ എത്തിയതായും യോഗത്തിൽ മന്ത്രി അറിയിച്ചു.
കോളജുകളുടെ അനുമതിയില്ലാതെ എൽ.ബി.എസ് 50 ശതമാനം സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചതിനെ മാനേജ്മെന്റ് അസോസിയേഷൻ യോഗത്തിൽ ചോദ്യം ചെയ്തു. എന്നാൽ, പ്രോസ്പെക്ടസിന് സർക്കാർ അംഗീകാരം നൽകിയ സാഹചര്യത്തിലാണ് അപേക്ഷ ക്ഷണിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. മാനേജ്മെന്റ് കൺസോർട്യത്തിന്റെ കേന്ദ്രീകൃത അലോട്ട്മെന്റിനുളള പ്രോസ്പെക്ടസ്, വിജ്ഞാപന പരസ്യത്തിന്റെ കരട് എന്നിവ പ്രവേശന മേൽനോട്ട സമിതി അംഗീകരിച്ചുനൽകിയിട്ടില്ല.
24നുള്ള നഴ്സിങ് കൗൺസിൽ യോഗത്തിലെ അംഗീകാരത്തിന്റെയും സർവകലാശാല അഫിലിയേഷൻ നടപടികളുടെയും അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. മന്ത്രിക്ക് പുറമെ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പ്രൈവറ്റ് നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് വി. സജി, സെക്രട്ടറി അയിര ശശി, ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷൻ പ്രിതിനിധി ഫാ. വിമൽ ഫ്രാൻസിസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.