കേരളീയം സമാപന ചടങ്ങിനെത്തിയ ബി.ജെ.പി മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ ഒ. രാജഗോപാലിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഹസ്തദാനം നൽകി സ്വീകരിക്കുന്നു (ചിത്രം: മുസ്തഫ അബൂബക്കർ)

‘കേരളീയ’ത്തിൽ ഒ. രാജഗോപാൽ, സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയം പരിപാടി കേരളത്തിനുതന്നെ അപമാനമാണെന്ന് കെ. സുരേന്ദ്രൻ പ്രസ്താവനയിറക്കിയതിന് പിന്നാലെ ബി.ജെ.പി മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ ഒ. രാജഗോപാൽ കേരളീയം സമാപനവേദിയിൽ. പ്രത്യേകം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും. സമാപനം നിർവഹിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് ഒ. രാജഗോപാൽ സദസ്സിലേക്ക് കടന്നുവന്നത്. വി.ഐ.പികൾക്കായി ഒരുക്കിയിട്ടുള്ള മുൻനിരയിൽതന്നെ സംഘാടകർ അദ്ദേഹത്തിന് ഇരിപ്പിടവുമൊരുക്കി. അദ്ദേഹം വരുന്നത് കണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഹസ്തദാനം നൽകി സ്വീകരിച്ചു.

സംസാരം അവസാനിപ്പിക്കുന്ന വേളയിലാണ് ‘ഒരു കാര്യം പ്രത്യേകം പറയാനുണ്ടെ’ന്ന ആമുഖത്തോടെ മുഖ്യമന്ത്രി ഒ. രാജഗോപാലിനെ പരമാർശിച്ചത്. മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ ഒ. രാജഗോപാലിനെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഇതോടെ സദസ്സൊന്നാകെ കരഘോഷം മുഴക്കി. കൈകൂപ്പിയായിരുന്നു രാജഗോപാലിന്‍റെ പ്രത്യഭിവാദ്യം.

മാധ്യമങ്ങളോട് തന്‍റെ അഭിപ്രായം പങ്കുവെക്കാനും രാജഗോപാൽ മറന്നില്ല. ‘നല്ലത് ആര് ചെയ്താലും അംഗീകരിക്കും. കേരളീയത്തിന് ഒരു പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് താൻ വന്നത്. കേരളീയം അപമാനമാണെന്ന കെ. സുരേന്ദ്രന്റെ പ്രതികരണത്തെക്കുറിച്ച് തനിക്കറിയില്ല. എല്ലാറ്റിനെയും കണ്ണടച്ച് എതിർക്കുന്നവരല്ല പ്രതിപക്ഷ’മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - O. Rajagopal In 'Keraleeyam', welcome Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.