കാസർകോട്: പാലക്കാട് ഡിവിഷനു കീഴിലുള്ള എല്ലാ സ്റ്റേഷനുകളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടി റെയിൽവെ തുടങ്ങി. സുരക്ഷ മുൻനിർത്തിയാണ് 64 സ്റ്റേഷനുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത്. എ, ബി, സി, ഡി, ഇ കാറ്റഗറിയിൽപെട്ട സ്റ്റേഷനുകളിലാണ് നിലവിൽ കാമറകൾ സ്ഥാപിക്കുക.
എ വൺ സ്റ്റേഷനായ കോഴിക്കോട്, എ കാറ്റഗറിയിൽ ഉൾപ്പെട്ട പാലക്കാട്, ഷൊർണൂർ, മംഗളൂരു സെൻട്രൽ എന്നീ സ്റ്റേഷനുകളിൽ ഇൻറഗ്രേറ്റഡ് സെക്യൂരിറ്റി സിസ്റ്റത്തിെൻറ (െഎ.എസ്.എസ്) ഭാഗമായി കാമറകൾ, ലഗേജ് സ്കാനർ, പാർസൽ സ്കാനർ എന്നിവ സ്ഥാപിച്ചിരുന്നു. ബാക്കിയുള്ള സ്റ്റേഷനുകളിലാണ് കേന്ദ്ര സർക്കാറിെൻറ നിർഭയ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് കാമറകൾ സ്ഥാപിക്കുന്നത്.
നിലവിൽ കണ്ണൂർ, കാസർകോട് ഉൾപ്പെടെയുള്ള ജില്ലാ ആസ്ഥാന സ്റ്റേഷനുകളിൽ പോലും നിരീക്ഷണ കാമറകൾ ഇല്ലാത്തത് പരാതിക്കിടയാക്കിയിരുന്നു. എ കാറ്റഗറിയിൽ ഉൾപ്പെട്ട തിരൂർ, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് തുടങ്ങി 11 സ്റ്റേഷനുകളിൽ 60 കാമറകളും, ബി കാറ്റഗറിയിൽ പെട്ട ഒറ്റപ്പാലം, കുറ്റിപ്പുറം, കൊയിലാണ്ടി സ്റ്റേഷനുകളിൽ 38ഉം, സി കാറ്റഗറി സ്റ്റേഷനുകളിൽ 26ഉം, ഡി, ഇ കാറ്റഗറിയിൽ ഉൾപ്പെട്ട സ്റ്റേഷനുകളിൽ 10 കാമറകളുമാണ് സ്ഥാപിക്കുക.
കാമറകളുടെ കൺട്രോൾ റൂം ആർ.പി.എഫ് ഇൻസ്പെക്ടർ പോസ്റ്റിൽ പ്രവർത്തിക്കും. 2016ൽ തന്നെ പ്രവർത്തിക്ക് റെയിൽവെ തുടക്കം കുറിച്ചിരുന്നെങ്കിലും ജി.എസ്.ടിയുടെ വരവോടുകൂടി പ്രവർത്തി താൽക്കാലികമായി നിലയ്ക്കുകയായിരുന്നു. കാമറകൾ സ്ഥാപിക്കുന്നതോടെ റെയിൽവെ സ്റ്റേഷനുകളും പ്ലാറ്റ്ഫോമുകളും കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങൾ ഒരു പരിധിവരെ തടയുന്നതിനും കുറ്റവാളികളെ എത്രയുംവേഗം പിടികൂടുന്നതിനും സാധിക്കും.
സ്റ്റേഷനുകൾക്ക് പുറമെ ഡിവിഷനു കീഴിൽ രാത്രി കാലങ്ങളിൽ കല്ലേറ് നടക്കുന്ന ഇടങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതു സംബന്ധിച്ചും സമീപഭാവിയിൽ തന്നെ നടപടി കൈക്കൊള്ളുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.