തിരുവനന്തപുരം: കേരളത്തില്‍ രക്താതിമര്‍ദ്ദമുള്ളവരുടേയും ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരുടേയും എണ്ണം വളരെ കൂടുതലായതിനാല്‍ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവെന്ന്. ലോക പക്ഷാഘാത ദിനമായ ഇന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി കെ.കെ ശൈലജ ഇക്കാര്യം പറഞ്ഞത്.
40 വയസിന് താഴെയുള്ളവരിലും പക്ഷാഘാതം (യങ് സ്‌ട്രോക്ക്) ഏറിവരുന്നുണ്ട്. തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി പോലെയുള്ള ദുശീലങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവയാണ് ഇതിന് കാരണമായി പറയപ്പെടുന്നത്.
മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക്. രക്താതിമര്‍ദ്ദത്തിന്‍റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തില്‍ നാല് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്
ലോകാരോഗ്യ സംഘടനയും വേള്‍ഡ് സ്‌ട്രോക്ക് ഫെഡറേഷനും ചേര്‍ന്നാണ് വര്‍ഷവും ഒക്‌ടോബര്‍ 29ന് ലോക സ്‌ട്രോക്ക് ദിനം ആചരിക്കുന്നത്. പക്ഷഘാതം തടയുന്നതിനായി പ്രവര്‍ത്ത നിരതരായിരിക്കുക എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.
ചെറിയ വ്യായാമങ്ങളിലൂടെയും ശരീരത്തിന്‍റെ ചലനങ്ങളിലൂടെയും സദാ പ്രവര്‍ത്തനക്ഷമമാക്കുന്നതു മൂലം രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും അതിലൂടെ സ്‌ട്രോക്ക് തടയാന്‍ സാധിക്കും എന്നതാണ് ഈ സന്ദേശത്തിന്‍റെ ശാസ്ത്രീയ വശം.
നാം വെറുതെ നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും ജോലിയില്‍ ഏര്‍പ്പെടുമ്പോഴും ശരീരഭാഗങ്ങള്‍ ചലിപ്പിച്ചും ചുവടുകള്‍ വച്ചും എല്ലായ്‌പ്പോഴും കര്‍മ്മനിരതരായിരിക്കുക. അതിലൂടെ സ്‌ട്രോക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പറയുന്നതെന്നും മന്ത്രി കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.