‘എലിയെ തൂക്കിപിടിക്കുന്നത് പോലെ പിടിച്ചു, ലാത്തി കൊണ്ട് കുത്തി’; ധർമടം സി.ഐക്കെതിരെ വയോധിക പരാതി നൽകും

തലശ്ശേരി: പൊലീസ് സ്റ്റേഷനിലെത്തി‍യ വയോധികയായ മാതാവിനെതിരെ അസഭ്യവർഷവും അക്രമവും നടത്തിയ സംഭവത്തിൽ ധർമടം സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.വി. സ്മിതേഷിനെതിരെ പരാതി നൽകും. പൊലീസ് കസ്റ്റഡി‍യിലെടുത്ത മമ്പറം കീഴത്തൂരിലെ ബിന്ദു നിവാസിൽ കെ. സുനിൽകുമാറിന്‍റെ 74 വയസുള്ള മാതാവ് രോഹിണിയാണ് ധർമടം സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകുക.

സ്റ്റേഷൻ ഹൗസ് ഓഫിസർ ക്രൂരമായി പെരുമാറിയെന്ന് രോഹിണി പറയുന്നു. എലിയെ തൂക്കിപിടിക്കുന്നത് പോലെ പിടിച്ച് പുറത്ത് ലാത്തി കൊണ്ട് കുത്തി. കൂടെ ഉണ്ടായിരുന്ന മകളുടെ കൈയിൽ ലാത്തി കൊണ്ട് പൊലീസ് ഉദ്യോഗസ്ഥൻ അടിക്കുകയും ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫിസർക്കെതിരെ വിശദമായ അന്വേഷണം നടത്തി കൂടുതൽ നടപടി സ്വീകരിക്കണമെന്നും രോഹിണി ആവശ്യപ്പെടുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ധർമടം സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.വി. സ്മിതേഷിനെ കഴിഞ്ഞ ദിവസം ഉത്തര മേഖല ഐ.ജി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. കുടുംബത്തിലെ ആരെയെങ്കിലും സ്മിതേഷ് മർദിച്ചുണ്ടെങ്കിൽ രേഖാമൂലം പരാതി ലഭിച്ചാൽ പരിശോധിക്കാമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത്ത് കുമാറും വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരമാണ് രോഹിണി രേഖാമൂലം പരാതി നൽകാൻ തീരുമാനിച്ചത്. 

വിഷു ദിവസമായ ശനിയാഴ്ച രാത്രിയാണ് ധർമടം പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് നാടകീയ സംഭവങ്ങൾ നടന്നത്. മമ്പറം കീഴത്തൂരിലെ ബിന്ദു നിവാസിൽ കെ. സുനിൽകുമാറും കുടുംബവുമാണ് അതിക്രമത്തിനിരയായത്. മകനെ കാണാൻ സ്റ്റേഷനിലെത്തിയ മാതാവും സഹോദരങ്ങളും സഞ്ചരിച്ച കാറിന്റെ മുൻഭാഗത്തെ ഗ്ലാസും അടിച്ചു തകർക്കുകയുണ്ടായി.

ഇൻസ്പെക്ടറുടെ പരാക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ടീഷർട്ടും മുണ്ടും ധരിച്ച ഇൻസ്പെക്ടർ കൈയിൽ ലാത്തിയുമായി ആക്രോശിക്കുന്നതും ഇവരുടെ കൂടെയുള്ള യുവാവിനെ മർദിക്കുന്നതും ദൃശ്യത്തിലുണ്ട്. നിലത്തുവീണ വയോധികയെ എഴുന്നേൽപിക്കാൻ വനിത പൊലീസും ബന്ധുക്കളും ശ്രമിക്കുന്നതും ഇൻസ്പെക്ടർ ഇവർക്കുനേരെ കയർക്കുന്നതും കാണാം. ഇൻസ്പെക്ടറുടെ പരാക്രമങ്ങൾ തടയാൻ ശ്രമിക്കുന്ന വനിത പൊലീസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ദൃശ്യങ്ങളിൽ കാണാം.

മദ്യപിച്ച് വാഹനമോടിച്ചതിനാണ് സുനിൽകുമാറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് ഭാഷ്യമെങ്കിലും ജാമ്യംപോലും രേഖപ്പെടുത്താതെയാണ് രാത്രി വൈകി അദ്ദേഹത്തെ വിട്ടയച്ചത്. വിട്ടയച്ചതിനുശേഷം തലശ്ശേരി എ.എസ്.പി ഓഫിസിലെത്തി സുനിൽകുമാറും കുടുംബവും മൊഴി നൽകിയിരുന്നു. കൂത്തുപറമ്പ് എ.സി.പിയാണ് മൊഴി രേഖപ്പെടുത്തിയത്. ഇൻസ്പെക്ടർ സ്മിതേഷ് മദ്യപിച്ചിരുന്നതായി പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടു. ഇൻസ്പെക്ടറുടെ ആക്രമണം സംബന്ധിച്ച് കുടുംബം തലശ്ശേരി എ.എസ്.പി അരുണ്‍ കെ. പവിത്രന് പരാതി നല്‍കിയിട്ടുണ്ട്. 

Tags:    
News Summary - Old Women will file a complaint against Dharmadam C.I

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.