ആലപ്പുഴ: സംസ്ഥാനത്തെ ഭീതിയിലാഴ്‌ത്തിയ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പില്‍ അരിയെത്തിക്കാൻ അന്തേവാസികളിൽ നിന്ന് പണം പിരിച്ചെന്ന വ്യാജ പ്രചാരണങ്ങളില്‍ 'വിചാരണ' ചെയ്യപ്പെട്ടതായിരുന്നു ഓമനകുട്ടൻ. അന്നുണ്ടായ സങ്കടം തീർത്താൽ തീരാത്തതായിരുന്നു. എന്നാൽ, അധികം വൈകാതെ സത്യം ജനങ്ങൾ തിരിച്ചറിഞ്ഞതോടെ ഓമനക്കുട്ടൻ ഹാപ്പിയായി. ഇപ്പോൾ, മറ്റൊരു സന്തോഷം കൂടി വന്നെത്തിയിരിക്കുകയാണ് ഓമനക്കുട്ടെൻറ വീട്ടിൽ.
മകള്‍ സുഹൃതി കൊല്ലം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് അഡ്മിഷന്‍ നേടിയിരിക്കുന്നു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് ഭാവനാലയത്തില്‍ ഈ വാർത്ത എത്തിയതോടെ സന്തോഷപ്പെരുന്നാളായിരുന്നു. കൊല്ലം പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളേജില്‍ മെറിറ്റ് സീറ്റിലാണ് കഴിഞ്ഞദിവസം പ്രവേശനം ലഭിച്ചത്. പ്ലസ്ടുവിനുശേഷം മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിലായിരുന്നു സുഹൃതി.
കഴിഞ്ഞ പ്രളയകാലത്ത് ആലപ്പുഴ ചേര്‍ത്തല തെക്കുപഞ്ചായത്ത് ആറാംവാര്‍ഡ് പട്ടികജാതി, പട്ടിക വര്‍ഗ കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഓമന കുട്ടനെ വിവാദനായകനാക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്. ഭക്ഷ്യസാധനങ്ങള്‍ തീര്‍ന്നതോടെ ഓമനകുട്ടന്‍ മുന്‍കൈയ്യെടുത്ത് ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു. എന്നാല്‍ ഓട്ടോയ്ക്ക് കൊടുക്കാന്‍ കയ്യില്‍ പണമില്ലാതെ വന്നതോടെ ക്യാമ്പിലുള്ളവരില്‍ നിന്ന് പണം പിരിച്ച് ഓട്ടോ കൂലി നല്‍കി. ഈ ദൃശ്യങ്ങള്‍ ഒരാള്‍ പകര്‍ത്തി പുറത്തുവിട്ടു. ഇതോടെ ഓമനക്കുട്ടന്‍ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന പേരില്‍ പ്രചാരണം ശക്തമാകുകയും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. പോലീസ് ഓമനക്കുട്ടനെതിരെ കേസെടുക്കുകയും ചെയ്തു.
ഇതോടെ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ ഓമനക്കുട്ടനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. എന്നാല്‍, ഓമനക്കുട്ടനെ പിന്തുണച്ച് ക്യാമ്പിലുള്ളവര്‍ തന്നെ രംഗത്തെത്തി. ക്യാമ്പിെൻറ സുഗമമായ നടത്തിപ്പിനാണ് ഓമനക്കുട്ടന്‍ പിരിവ് നടത്തിയതെന്ന് ബോധ്യപ്പെട്ടതോടെ പാര്‍ട്ടി സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സര്‍ക്കാര്‍ ഓമനക്കുട്ടനോട് മാപ്പ് പറയുകയും ചെയ്തു. സത്യം പുറത്തുവന്നതോടെ കല്ലെറിഞ്ഞവര്‍ തന്നെ ഓമനക്കുട്ടന് കയ്യടികളുമായി എത്തി. ദിവസങ്ങൾ നീണ്ട മാധ്യമ വിചാരണയ്‌ക്കൊടുവിൽ സത്യാവസ്ഥ തിരിച്ചറിഞ്ഞതോടെ ചില മാധ്യമങ്ങൾ വാർത്ത തിരുത്തിയെങ്കിലും മറ്റ് മാധ്യമങ്ങൾ വാർത്ത പിൻവലിക്കാൻ തയ്യാറായില്ല.
ഓമനക്കുട്ടെൻറ ബന്ധുവായ അനീഷ് വി.ബി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അച്ഛനെ പോലെ തന്നെ നന്മയുള്ളവളായി, മനുഷ്യ സ്നേഹിയായ ഒരു ഡോക്ടർ ആയി പഠിച്ചു വരട്ടെ എന്ന് ആശംസിക്കുന്നെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് ഓമനക്കുട്ടെൻറ കുടുംബത്തിന് ലഭിച്ച സന്തോഷവാർത്ത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.