കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പുതിയ സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നതടക്കം ആരോപിച്ച് യുവനടി നൽകിയ പരാതിയിലെ കേസിലാണ് ഇടക്കാല മുൻകൂർ ജാമ്യം ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ സ്ഥിരപ്പെടുത്തിയത്.
പ്രഥമദൃഷ്ട്യാ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്ന് വിലയിരുത്തിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
സിനിമാ ചർച്ചക്കെന്ന പേരിൽ ഒമർ ലുലു തന്നെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് ചേർത്ത മദ്യം നൽകി അബോധാവസ്ഥയിൽ പീഡിപ്പിച്ചെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് പരാതി. 2023 ജനുവരി മുതൽ ഡിസംബർ വരെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും ആരോപിച്ചു. പരാതിക്കാരിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. ഇരുവരും തമ്മിലെ ബന്ധം വ്യക്തമാക്കുന്ന ഫോട്ടോകളും ഹാജരാക്കി. ഹരജിയെ എതിർത്ത് പരാതിക്കാരിയും കക്ഷി ചേർന്നിരുന്നു.
ഫോട്ടോ സിനിമാ ഷൂട്ടിങ് സമയത്ത് എടുത്തതാണെന്നായിരുന്നു നടിയുടെ വാദം. ജാമ്യഹരജിയെ പ്രോസിക്യൂഷനും എതിർത്തു. അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ സ്വന്തവും തത്തുല്യ തുകക്കുള്ള മറ്റ് രണ്ടുപേരുടെയും ജാമ്യ ബോണ്ടിന്‍റെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് മുഖ്യവ്യവസ്ഥ. രണ്ടാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.