തിരുവനന്തപുരം: ഒ.എം.ആർ ഷീറ്റുകളുടെ അച്ചടിയുമായി ബന്ധപ്പെട്ട അതീവരഹസ്യ സ്വഭാവമുള്ള ഫയലുകൾ തിരുവനന്തപുരത്തെ സർക്കാർ സെൻട്രൽ പ്രസിലെ കമ്പ്യൂട്ടറിൽനിന്നും ഔദ്യോഗിക ലാപ്ടോപ്പിൽനിന്നും നഷ്ടമായി. പി.എസ്.സിക്ക് ഈ മാസം കൈമാറേണ്ടിയിരുന്ന 27 ലക്ഷം കോപ്പികളുടെ സാങ്കേതികവിവരങ്ങളാണ് നഷ്ടമായത്.
സെക്ഷൻ മേധാവികൾ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഷൊർണൂർ സർക്കാർ പ്രസിലെ ഒന്നാം ഗ്രേഡ് ബൈൻഡർ വി.എൽ. സജിയെ അച്ചടി വകുപ്പ് ഡയറക്ടർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഒ.എം.ആർ പ്രിൻറിങ്ങുമായി ബന്ധപ്പെട്ടാണ് ഷൊർണൂർ പ്രസിൽനിന്ന് സജിയെ വർക്കിങ് അറേഞ്ച്മെൻറിൽ സെൻട്രൽ പ്രസിൽ നിയമിച്ചത്.
ബാർ കോഡിങ് രേഖപ്പെടുത്തുന്നതടക്കം ഒ.എം.ആർ ഷീറ്റിൽ ഉൾപ്പെടുത്തേണ്ട രഹസ്യസ്വഭാവമുള്ള വിവരങ്ങളും ഇതുസംബന്ധിച്ച ഫയലുകളും സജി ഉപയോഗിച്ച ലാപ്ടോപ്പിലും കമ്പ്യൂട്ടറിലുമായിരുന്നു സൂക്ഷിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഇയാളെ സ്ഥലം മാറ്റി. പകരമെത്തിയ ഉദ്യോഗസ്ഥൻ നടത്തിയ പരിശോധനയിലാണ് ഫയലുകൾ പലതും തിരിച്ചെടുക്കാനാകാത്തവിധം നഷ്ടപ്പെട്ടത് കണ്ടെത്തിയത്.
സംഭവം പുറംലോകമറിയാതിരിക്കാൻ 40,000 രൂപ നൽകി സ്വകാര്യ കമ്പനിയെക്കൊണ്ട് പുതിയ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യിച്ചു. ഇതുപയോഗിച്ച് അച്ചടിച്ച ഷീറ്റുകൾ വീണ്ടും പി.എസ്.സിയുടെ അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണ്.
ഇതരസംസ്ഥാനങ്ങളിൽനിന്ന് വാങ്ങുന്ന ഒ.എം.ആർ ഷീറ്റുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ പ്രസുകളിൽ അച്ചടിക്കാൻ പി.എസ്.സി തീരുമാനിച്ചത്. ഫയലുകൾ നഷ്ടമായകാര്യം പൊലീസിൽ പരാതിപ്പെടാൻ ഉന്നത അധികാരികൾ തയാറായില്ല. ഔദ്യോഗിക ലാപ്ടോപ് സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായും മറ്റ് പലയിടങ്ങളിൽ കൊണ്ടുപോയതായും വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി.
രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ഇദ്ദേഹം മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്ന സംശയം സെക്ഷൻ മേലധികാരികൾ പ്രകടിപ്പിച്ചെങ്കിലും രാഷ്ട്രീയ ഇടപെടലിെൻറ ഭാഗമായി സംഭവം സസ്പെൻഷനിൽ ഒതുക്കാനാണ് ശ്രമം.
ഫയലുകൾ നഷ്ടപ്പെട്ടതു സംബന്ധിച്ച് പരിശോധിക്കാൻ വിദഗ്ധരുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഐ.ടി വകുപ്പിന് കത്ത് നൽകിയെന്ന് അച്ചടിവകുപ്പ് ഡയറക്ടർ എ. ജയിംസ് രാജ് 'മാധ്യമ'ത്തോട് പറഞ്ഞു.
സെപ്റ്റംബറിൽ പി.എസ്.സി ആവശ്യപ്പെട്ട ഒ.എം.ആർ ഷീറ്റുകൾ അച്ചടിച്ച് നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.