ആ ഭാഗ്യവാൻ സൈതലവിയല്ല; ഓണം ബംപർ മരടിലെ ഓട്ടോ ഡ്രൈവർ ജയപാലന്

കൽപറ്റ: ഒരു പകൽ നീണ്ടുനിന്ന ആശയക്കുഴപ്പത്തിനും ട്വിസ്റ്റുകൾക്കുമൊടുവിൽ 12 കോടിയുടെ ബംപർ സമ്മാനം ലഭിച്ച ഭാഗ്യവാനെ കണ്ടെത്തി. എറണാകുളം മരട് സ്വദേശിയായ ഓട്ടോ ഡ്രൈവർ ജയപാലനാണ് കേരള സർക്കാറിന്‍റെ ഓണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ലഭിച്ചത്. നേരത്തെ, ദുബൈയിൽ ഹോട്ടൽ ജീവനക്കാരനായ പനമരം സ്വദേശി സൈതലവി സമ്മാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, നാട്ടിൽ ടിക്കറ്റെടുത്ത സുഹൃത്ത് അറിയിച്ച പ്രകാരമാണ് ഒന്നാം സമ്മാനം അവകാശപ്പെട്ടതെന്ന് സൈതലവി പിന്നീട് പറഞ്ഞു.

നാട്ടിലെ സുഹൃത്ത് വഴിയാണ് ടിക്കറ്റെടുത്തതെന്നും ഗൂഗിൾ പേ വഴി പണം നൽകിയെന്നുമായിരുന്നു സൈതലവി പറഞ്ഞിരുന്നത്. എന്നാൽ, ടിക്കറ്റെടുത്ത് നൽകിയ സുഹൃത്ത് അപ്പോഴും കാണാമറയത്തായിരുന്നു. ഇതിനിടെ വാർത്ത വീട്ടുകാരും അറിഞ്ഞു. രാവിലെ വിളിച്ച് ലോട്ടറി അടിച്ചത് നമുക്കാണെന്നും ജോലി തിരക്ക് കഴിഞ്ഞ് പിന്നെ വിളിക്കാമെന്നും മാത്രമാണ് സൈതലവി വീട്ടുകാരോട് പറഞ്ഞത്. ആ വാക്ക് കേട്ട് കുടുംബവും വലിയ പ്രതീക്ഷയിലായിരുന്നു.

കൊല്ലം കോട്ടമുക്ക് ഏജൻസിയിലൂടെയാണ് ബംപറടിച്ച ടിക്കറ്റ് വിറ്റിരുന്നതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. അതേസമയം, സൈതലവിക്ക് സുഹൃത്ത് ടിക്കറ്റെടുത്ത് കൊടുത്ത സ്ഥലത്തെപ്പറ്റി അവ്യക്തത തുടർന്നു. ഇതിനിടെ, സുഹൃത്ത് ടിക്കറ്റുമായി വീട്ടിലേക്ക് വരുന്നുണ്ടെന്നും അഭ്യൂഹങ്ങൾ പടരുന്നു.

വൈകീട്ടോടെയാണ് വയനാട് നാലാംമൈലിലുള്ള സുഹൃത്ത് അഹമ്മദിനെ മാധ്യമങ്ങൾക്ക് ബന്ധപ്പെടാനായത്. ഫേസ്ബുക്കിൽനിന്ന് കിട്ടിയ ലോട്ടറി ടിക്കറ്റിെൻറ ചിത്രം സൈതലവിക്ക് ഞായറാഴ്ച വൈകീട്ട് വാട്സ്ആപ്​ വഴി അയച്ചുകൊടുത്തിരുന്നെന്നും അതല്ലാതെ അദ്ദേഹത്തിന് ലോട്ടറി ടിക്കറ്റ് എടുത്തുകൊടുത്തില്ലെന്നും ഇദ്ദേഹം വെളിപ്പെടുത്തി. താൻ ടിക്കറ്റ് എടുക്കുന്ന ആളല്ല. തെറ്റിദ്ധാരണമൂലമാകാം ടിക്കറ്റ് അടിച്ചത് തനിക്കെന്ന് സൈതലവി അവകാശപ്പെട്ടതെന്നും ഇദ്ദേഹം വ്യക്തമാക്കി.

ഇതോടെ വീണ്ടും ആകാംക്ഷ. ഇതിനിടെയാണ് തിരുവോണം ബംപർ എറണാകുളം മരട് സ്വദേശി ജയപാലനാണ് അടിച്ചതെന്ന് സ്ഥിരീകരിച്ചത്. സമ്മാന നേട്ടത്തിൽ പ്രത്യേകിച്ചൊന്നും തോന്നുന്നില്ലെന്നായിരുന്നു ജയപാലന്‍റെ ആദ്യ പ്രതികരണം. കുറച്ച് കടമുണ്ട്. അത് തീർക്കണം. രണ്ട് സിവിൽ കേസുണ്ട്. അതും തീർക്കണം. പിന്നെ മക്കളുണ്ട്. പെങ്ങൾമാർക്കും കുറച്ച് പൈസ കൊടുക്കണം. അതൊക്കെയാണ് ആഗ്രഹമെന്ന് ജയപാലൻ പറയുന്നു.

കഴിഞ്ഞ ഒമ്പതിന് ജയപാലന് 5000 രൂപ സമ്മാനം അടിച്ചിരുന്നു. 10ന് ആ ടിക്കറ്റ് മാറാനായാണ് പോയത്. അന്ന് അടിച്ച പൈസക്ക് ഒരു ബംപറും വേറെ അഞ്ച് ടിക്കറ്റും എടുത്തു. ഫാൻസി നമ്പറായി തോന്നിയത് കൊണ്ടാണ് ആ ടിക്കറ്റ് തന്നെയെടുത്തതെന്നും അതിൽ ഭാഗ്യം തെളിയുകയായിരുന്നുവെന്നും ജയപാലൻ പറഞ്ഞു. 

Tags:    
News Summary - onam bumper lottery price to jayapalan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.