കൊച്ചി: പി.എസ്.സി അഡ്വൈസ് മെമോ വന്ന് ഒന്നര വർഷമാവാറായിട്ടും യുവതിയുടെ സർക്കാർ ജോലി സ്വപ്നം അനിശ്ചിതത്വത്തിൽ. എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ആയയായി അഡ്വൈസ് കിട്ടിയ കോതമംഗലം താലൂക്കിൽ താമസിക്കുന്ന യുവതിക്കാണ് ഈ ദൗർഭാഗ്യം.
2019 നവംബർ 26നാണ് ഇവർ മെമോ കൈപ്പറ്റിയത്. പിന്നാലെ ജില്ല വിദ്യാഭ്യാസ ഓഫിസിൽ ഹാജരായപ്പോൾ വേനലവധിക്ക് ശേഷം സ്കൂൾ തുറേന്ന ജോലിയിൽ പ്രവേശിക്കാനാവൂ എന്ന വിചിത്ര വാദമാണ് അധികൃതർ ഉന്നയിച്ചതെന്ന് യുവതി പറയുന്നു. സ്കൂൾ അടക്കാൻ നാലുമാസത്തോളമിരിക്കെയായിരുന്നു ഈ മറുപടി.
അഡ്വൈസ് മെമോ ലഭിച്ച് മൂന്നു മാസത്തിനകം നിയമനം നൽകണമെന്നാണ് ചട്ടം. മൂന്നു മാസം കഴിഞ്ഞിട്ടും പ്രവേശന ഉത്തരവ് ലഭിക്കാത്തതിനെ തുടർന്ന് പി.എസ്.സിക്ക് പരാതി നൽകിയതനുസരിച്ച് കഴിഞ്ഞ ജൂൺ അഞ്ചിന് ഉത്തരവ് കൈപ്പറ്റി. ഇതുമായി വകുപ്പ് ഓഫിസിൽ ചെന്ന് വെരിഫിക്കേഷൻ പൂർത്തിയാക്കി സാക്ഷ്യപത്രം കൈപ്പറ്റുകയും ചെയ്തിരുന്നു. ജോലിയിൽ പ്രവേശിക്കേണ്ട പറവൂരിെല സ്കൂളിൽ ഇതിനായി ചെന്നെങ്കിലും സാക്ഷ്യപത്രത്തിൽ 'സ്കൂൾ തുറക്കുന്ന തീയതിയിൽ ജോലിയിൽ പ്രവേശിക്കേണ്ടതാണ്' എന്ന് അടയാളപ്പെടുത്തിയതിനാൽ പ്രധാനാധ്യാപകൻ കൈമലർത്തി. ഇതിനുശേഷം ഒരു നടപടിയും ഉണ്ടായില്ലെന്ന് യുവതി കൂട്ടിച്ചേർത്തു.
തങ്ങൾക്ക് ചെയ്യാനുള്ളത് ചെയ്തുവെന്നാണ് പി.എസ്.സി നിലപാട്. നിലവിൽ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി ജോലി പ്രവേശനം നൽകുന്നില്ല. എന്നാൽ, 2019ൽതന്നെ ലഭിക്കേണ്ട ജോലി അനിശ്ചിതമായി വൈകിക്കുന്നത് എന്തിനാണെന്നും ഇവർ ചോദിക്കുന്നു. ജോലി കിട്ടി വകുപ്പു തലത്തിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാലോയെന്നോർത്താണ് നിയമപരമായി നീങ്ങാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.