തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്കടുമ്പോൾ പരമാവധി വോട്ടർമാരെ കണ്ട് വോട്ടുറപ്പിക്കാൻ പരക്കം പായുകയാണ് സ്ഥാനാർഥികളും മുന്നണികളും. എന്നാൽ, അടൂരിലെ യു.ഡി.എഫ് സ്ഥാനാർഥി എം.ജി. കണ്ണൻ വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക് വണ്ടി കയറി.
അർബുദ രോഗിയായ മകനെ റീജ്യണൽ കാൻസർ സെൻററിൽ (ആർ.സി.സി) കാണിക്കുന്നതിനാണ് ഭാര്യ സുജിതമോളുമൊത്ത് കണ്ണൻ തലസ്ഥാനെത്തത്തിയത്. നാലുവർഷമായി ചികിത്സയിലാണ് ഒമ്പതുവയസ്സുകാരനായ മകൻ ശിവകിരൺ. ''ഇടവിട്ടുള്ള പരിശോധന മുടക്കാൻ കഴിയില്ല. ആർ.സി.സിയിൽ വരുമ്പോൾ താനും ഒപ്പമുണ്ടാകണമെന്ന് മകന് നിർബന്ധമാണ്. പൊതുപ്രവർത്തകനായതുകൊണ്ടുതന്നെ പലപ്പോഴും മക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിയാറില്ല. പക്ഷേ, ഈ അവസ്ഥയിൽ അവനൊപ്പം ഞാനുണ്ടാകണമെന്ന് തോന്നി. ഞാൻ അവനെ കൂടുതൽ സ്നേഹിക്കുന്നുണ്ട്''-നിറകണ്ണുകളോടെ കണ്ണൻ പറയുന്നു.
കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങിയാണ് രക്താർബുദ രോഗിയായ മകെൻറ ചികിത്സ തുടരുന്നത്. സുമനസ്സുകളായ കുറച്ചുപേർ സഹായിക്കാനുള്ളതാണ് അൽപം ആശ്വാസം. ബിരുദ പഠനത്തിനു ശേഷം കേബ്ൾ ടി.വി ടെക്നീഷ്യനായി കുറച്ചു കാലം ജോലി നോക്കിയ കണ്ണൻ പത്ര ഏജൻറ് കൂടിയാണ്.
യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡൻറായ കണ്ണൻ രണ്ടുതവണ ജില്ല പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 23ാം വയസ്സിലാണ് ചെന്നീർക്കര ഗ്രാമപഞ്ചായത്തംഗമായത്. നിയമസഭ പ്രചാരണത്തിന് പണം ഇല്ലാത്തതിനാൽ ബൂത്ത് തലത്തിൽ കണ്ണന് 10 രൂപ എന്നപേരിൽ പ്രവർത്തകർ കാമ്പയിൻ നടത്തിയിരുന്നു. കൂലിപ്പണിക്കാരനായ ഗോപിയും ശാന്തയുമാണ് മാതാപിതാക്കൾ. ശിവഹർഷ് ആണ് ഇളയമകൻ. ഭാര്യ സജിതമോൾ പോസ്റ്റൽ വകുപ്പ് ജീവനക്കാരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.