ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ -ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള കേന്ദ്ര മന്ത്രിസഭ തീരുമാനം പാർലമെന്‍ററി ജനാധിപത്യത്തെയും ഭരണഘടനയെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തി​ന്‍റെ ഭാഗമാണെന്നും ബി.ജെ.പി ഇതര പാർട്ടികൾ ഒറ്റക്കെട്ടായി ഈ നീക്കത്തെ ചെറുത്തുതോൽപിക്കണമെന്നും ഐ.എൻ.എൽ സംസ്ഥാന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.

ഹിന്ദുത്വ രാഷ്ട്രമാണ് സംഘ്പരിവാർ അജണ്ടയുടെ പിന്നിൽ. സാംസ്കാരികമായും മതപരമായും ഭാഷാപരമായും വൈവിധ്യങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യത്തെ ഏകശിലാത്മക രൂപത്തിലേക്ക് പരിവർത്തിപ്പിക്കനുള്ള ആർ.എസ്.എസി​ന്‍റെ ദീർഘകാല സ്വപ്നമാണ് രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ മറവിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇതിനകം ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഫെഡറൽ വ്യവസ്ഥയാണ് ഇതോടെ അപകടകരമാം വിധം അട്ടിമറിക്കപ്പെടാൻ പോകുന്നത്. ഒറ്റ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ 18 ഭരണഘടനാ ഭേദഗതികൾ അനിവാര്യമായിവരും എന്നതിനാൽ രാഷ്ട്രശിൽപികൾ വിഭാവനം ചെയ്ത ഒരു വ്യവസ്ഥിതിയെ തന്നെ ഇല്ലാതാക്കാനാണ് പദ്ധതിയെന്ന് പാർട്ടി പ്രമേയത്തിൽ പറഞ്ഞു.

സംസ്ഥാന പ്രസിഡന്‍റ് അഹമ്മദ് ദേവർകോവിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ സ്വാഗതം പറഞ്ഞു. ദുരന്ത നിവാരണത്തിനും ജീവകാരുണ്യ രംഗത്തും സജീവമായി പ്രവർത്തിക്കുന്ന സന്നദ്ധ കൂട്ടായ്മ രൂപീകരിക്കാൻ ​തീരുമാനിച്ചു. ഇതി​ന്‍റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നാലംഗ സമിതിയെ ചുമതലപ്പെടുത്തി.

ഒക്ടോബർ 19ന് കോഴിക്കോട്ട് പി.എം. അനുസ്മരണ സമ്മേളനം നടത്താനും തീരുമാനിച്ചു. നവംബർ 3ന് ബംഗളൂരുവിൽ നടക്കുന്ന സുലൈമാൻ സേട്ട് അനുസ്മരണ ദേശീയ കൺവെൻഷനിൽ കേരളത്തിൽനിന്ന് 500പേരെ പങ്കെടുപ്പിക്കും. പോഷക ഘടകങ്ങളെ കാലോചിതമായി നവീകരിക്കുന്നതിന് പദ്ധതി തയാറാക്കും. പാർട്ടിയിൽനിന്ന് പുറത്താക്കിയവരുടെ കൂട്ടായ്മ പിരിച്ചുവിട്ട് തൃശൂരിൽനിന്ന് ഐ.എൻ.എല്ലിലേക്ക് വന്നവർക്ക് യോഗത്തിൽ സ്വീകരണം നൽകി.

ബി.ഹംസ ഹാജി, അഷ്റഫലി വല്ലപ്പുഴ,എം.എ ലത്തീഫ്, ഒ.ഒ ശംസു, ശോഭ അബൂബക്കർ ഹാജി, സമദ് നരിപ്പറ്റ, എസ്.എം ബഷീർ, സമദ് തയ്യിൽ, റാഫി കൂത്തുപറമ്പ്, സിറാജ് തയ്യിൽ, ഹമീദ് ചെങ്കളായി, ഒ.പി അബ്ദുറഹ്മാൻ, നാസർ ചെനക്കലങ്ങാടി, ഇബ്രാഹിം, കലാം മേപ്പാടി, അസീസ് പരുത്തിപ്ര, ബഷീർ പി വി, മുഹമ്മദ് ചാമക്കാല, സാലി സജീർ, നജീബ് എറണാകുളം, രാജൻ സുലൈമാൻ, നിസാർ നൂർമഹൽ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - One Election to Subvert Parliamentary Democracy -I.N.L

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.