തൃശൂർ: കാണാതായി ഒരു മാസമാകുമ്പോഴും വിവരാവകാശ പ്രവര്ത്തകന് ഷിജു ചുനക്കരയെ കണ്ടെത്താനായില്ല. ഷിജുവിനെ കണ്ടെത്താൻ പൊലീസ് കാര്യക്ഷമമായി ശ്രമിക്കാത്ത സാഹചര്യത്തിൽ കോടതിയ സമീപിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ഷിജുവിന്റെ തിരോധാനത്തിന് പിന്നിൽ പൊലീസിനെ സംശയിക്കുന്നതായും ബന്ധുക്കൾ സൂചിപ്പിക്കുന്നു.
ഡിസംബർ 30നാണ് കൊരട്ടിയിലെ വിവരാവകാശ പ്രവർത്തകൻ ഷിജു ചുനക്കരയെ (36) കാണാതാവുന്നത്. പൊതുവെ വീട്ടിൽനിന്ന് മാറിനിൽക്കാത്തയാളാണ് ഷിജുവെന്നും അടിയന്തരാവശ്യങ്ങൾക്ക് വീട്ടുകാരോട് പറഞ്ഞേ പോകാറുള്ളൂവെന്നും ഭാര്യ ആശ്മി പറയുന്നു. വീട്ടിൽനിന്ന് മാറി നിൽക്കേണ്ട സാഹചര്യമുണ്ടായാൽ തന്നെ ഇടക്കിടെ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കും. അതിനാൽ അപ്രതീക്ഷിതമായി ഒരു നാൾ കാണാതാവുന്നതിന് പിന്നിൽ ഗൂഢാലോചന സംശയിക്കാതിരിക്കാൻ കഴിയില്ലെന്നും ആശ്മി വ്യക്തമാക്കി.
ഭൂമിയിടപാട്, പാടം നികത്തല്‍, ഉദ്യോഗസ്ഥരുടെയടക്കമുള്ളവരുടെ അനധികൃത ഇടപാടുകൾ എന്നിവയിൽ വിവരാവകാശ പ്രകാരമുള്ള രേഖകള്‍ ഷിജു ശേഖരിച്ചിരുന്നു. ഇതിൽ പൊലീസുകാരുമായി ബന്ധമുള്ളവരുടേതുമുണ്ടെന്നാണ് പറയുന്നത്. ഇതാണ് പൊലീസ് അന്വേഷണം കാര്യക്ഷമമല്ലാത്തതിന് കാരണമായി ബന്ധുക്കൾ സംശയിക്കുന്നത്. കാണാതായി അടുത്ത ദിവസം തന്നെ പൊലീസിന് പരാതി നൽകി. അന്ന് പറഞ്ഞ മറുപടിയാണ് പൊലീസ് ഇപ്പോഴും ആവർത്തിക്കുന്നതെന്ന് ബന്ധുക്കൾ പറയുന്നു.
കെട്ടിട നിർമാണ ജോലിയുമായി ഷിജു അങ്കമാലിയിലേക്കാണ് പോയത്. അന്ന് വൈകീട്ട് മുതലാണ് ഷിജുവിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയത്. ഇവിടെയെത്തിയതിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തിയെങ്കിലും ഈ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിട്ടില്ലെന്നും നിരവധി തവണ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും പൊതുപ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ അജിത്ത് കൊടകര പറയുന്നു.
മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും സാക്ഷികളുമില്ലാത്തതുമായ നിരവധി കേസുകളിൽ പൊലീസ് നിമിഷ നേരംകൊണ്ട് തുമ്പുണ്ടാക്കിയിട്ടുണ്ടെന്നിരിക്കെ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്ന വിവരാവകാശ-പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന ഷിജു ചുനക്കരയെ കണ്ടെത്താൻ കാര്യമായ ശ്രമമില്ലാത്തതിനാൽ അന്വേഷണ സംഘത്തിന് നേരെ സംശയങ്ങളുയർത്തുകയാണ് ബന്ധുക്കൾ. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നത്. അതേസമയം അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് പൊലീസ് ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.