നേമം: ബൈക്കിലെത്തി കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾകൂടി പിടിയിലായി. കേസിലെ മൂന്നാം പ്രതി നടുക്കാട് സ്വദേശി അനു (21) ആണ് പിടിയിലായത്. മലയിൻകീഴ്, നരുവാമൂട് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ അനു.
സംഭവത്തിൽ വെള്ളംകെട്ടുവിള മായംകോട് മീരാൻ മൻസിലിൽ മുഹമ്മദ് കൈഫിനെ (21) നേരത്തെ നേമം പൊലീസ് പിടികൂടിയിരുന്നു. ജൂൺ 23ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ വെള്ളായണി ജംഗ്ഷനിലെ സിഗ്നലിൽ ബൈക്കിലെത്തിയ മൂന്നംഗ സംഘം കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലെറിയുകയും ഡ്രൈവറെ ആക്രമിക്കുകയുമായിരുന്നു.
നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെ.എൽ 15 എ 2022 കെ.എസ്.ആർ.ടി.സി ബസിനെ പ്രാവച്ചമ്പലം മുതൽ പിന്തുടർന്ന് അസഭ്യവർഷം നടത്തിയ മൂന്നംഗസംഘം വെള്ളായണി ജംഗ്ഷനിലെ ട്രാഫിക് സിഗ്നലിൽ ബസ് നിർത്തിയപ്പോൾ ഡ്രൈവർ ക്യാമ്പിനിലെ ഡോർ വലിച്ചു തുറക്കുകയും കയ്യിൽ കരുതിയിരുന്ന കല്ലു കൊണ്ട് ബസിന്‍റെ മുൻ ഗ്ലാസ് എറിഞ്ഞു തകർക്കുകയുമായിരുന്നു.
ഡ്രൈവർ അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും ബൈക്ക് കൊണ്ട് ഡ്രൈവറെ ഇടിക്കാൻ ശ്രമിച്ച് ഇവർ രക്ഷപ്പെട്ടു. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലാണ് അക്രമികൾ എത്തിയത്. സംഭവത്തിൽ കേസെടുത്ത നേമം പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും അക്രമികളെ തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അനുവും പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.