പാലക്കാട്: മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പോപുലർ ഫ്രണ്ട് യൂനിറ്റ് ഭാരവാഹിയായ ഒറ്റപ്പാലം ചുനങ്ങാട് മനക്കൽ വീട്ടിൽ നിസാറാണ് (നിഷാദ് -37) പേഴുംകര കാവിൽപാട് റോഡിൽ പിടിയിലായത്. കൊലപാതക ഗൂഢാലോചനയിൽ പങ്കെടുക്കുകയും പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തത് നിസാറാണെന്ന് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. പ്രതികളെ കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
നേരത്തേ അറസ്റ്റിലായ പ്രതികളുടെ പേരും ഫോട്ടോയും പൊലീസ് വ്യാഴാഴ്ച പുറത്തുവിട്ടു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി ജാഫർ സാദിഖ് (31), നെന്മാറ അടിപ്പെരണ്ട സ്വദേശി അബ്ദുൽ സലാം(30) എന്നിവരാണിവർ. ജാഫർ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തതായി ജില്ല പൊലീസ് മേധാവി പറഞ്ഞു.
അബ്ദുൽ സലാമാണ് കാറോടിച്ചത്. ജാഫർ പൊലീസ് കസ്റ്റഡിയിലും അബ്ദുൽ സലാം റിമാൻഡിലുമാണ്. 34 പേരടങ്ങുന്ന അന്വേഷകസംഘം വിവിധ ഭാഗങ്ങളിൽ അന്വേഷണം തുടരുകയാണ്. ഗൂഢാലോചനയുൾപ്പെടെ പ്രതികളെ സഹായിച്ചവരെയും പൊലീസ് തിരിച്ചറിഞ്ഞു. ഉടൻ മറ്റ് പ്രതികളുടെ അറസ്റ്റ് നടക്കുമെന്ന് എസ്.പി പറഞ്ഞു. നവംബർ 15നാണ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ അക്രമിസംഘം വെട്ടിക്കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.