ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളിൽ ഒരാളെ മാതാവിനൊപ്പം വിട്ടു

കോഴിക്കോട്: ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളിൽ ഒരാളെ മാതാവിനൊപ്പം വിട്ടു. ചില്‍ഡ്രന്‍സ് ഹോമില്‍ മകള്‍ സുരക്ഷിതമല്ലെന്നും തന്നോടൊപ്പം പറഞ്ഞയക്കണമെന്നും കാണിച്ച് മാതാവ് കലക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബാക്കി അഞ്ച് കുട്ടികളുടെ പുനരധിവാസം അടക്കം ഉറപ്പാക്കാൻ ഇന്ന് സി.ഡബ്ല്യു.സി യോഗം ചേരും.

പെൺകുട്ടിയെ വിട്ടുനൽകണമെന്ന ആവശ്യവുമായി കഴിഞ്ഞ മാസം രണ്ടുതവണ ഈ മാതാവ് ചിൽഡ്രൻസ് ഹോമിനെ സമീപിച്ചിരുന്നു. എന്നാൽ, തുടർ വിദ്യാഭ്യാസം അടക്കം ഉറപ്പുവരുത്താമെന്ന് ബാലമന്ദിരം അറിയിക്കുകയും കുട്ടിയെ അവിടെത്തന്നെ നിർത്തുകയുമായിരുന്നു. അതിനു ശേഷമാണ് ഈ പെൺകുട്ടി അടക്കം 6 പേരെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായത്.

അതിനിടെ ചില്‍ഡ്രന്‍സ് ഹോമില്‍ തങ്ങള്‍ സുരക്ഷതരല്ലെന്ന പെണ്‍കുട്ടികളുടെ പരാതി ഇന്നത്തെ സി.ഡബ്ല്യു.സി യോഗം പരിഗണിക്കും. ബാലമന്ദിരത്തിലെ മോശം സാഹചര്യം മൂലമാണ് രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് കുട്ടികള്‍ നേരത്തെ പോലീസിന് മൊഴിനല്‍കിയിരുന്നു. തിരികെ ബാലമന്ദിരത്തിലെത്തിച്ച കുട്ടികളിലൊരാൾ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.

അതേസമയം, ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയ സംഭവത്തിലെ അന്വേഷണ റിപ്പോർട്ടിൽ ഇന്ന് തീരുമാനം ഉണ്ടാവും. ചേവായൂർ സ്റ്റേഷനിൽ നിന്ന് ശനിയാഴ്ച പ്രതി രക്ഷപ്പെട്ട സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണർ റിപ്പോർട്ട് സമർപ്പിച്ചു. പ്രതികൾ സ്‌റ്റേഷനിലുള്ളപ്പോൾ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് സൂചന.

Tags:    
News Summary - One of the girls who went missing from the children's home was left with her mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.