ബംഗളൂരു\ കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ബാലമന്ദിരത്തിൽനിന്ന് കാണാതായ ആറു പെൺകുട്ടികളെ ബംഗളൂരുവിൽ കണ്ടെത്തി. ഇവരിൽ ഒരു പെൺകുട്ടിയും കൂടെയുണ്ടായിരുന്ന രണ്ടു യുവാക്കളും മടിവാളയിലെ ഹോട്ടലിൽവെച്ച് പൊലീസ് പിടിയിലായി. അഞ്ചു പെൺകുട്ടികൾ ഓടി രക്ഷപ്പെട്ടു. ഇവർക്കായി രാത്രിയും ബംഗളൂരു പൊലീസ് തിരച്ചിൽ തുടരുകയാണ്.
പിടിയിലായ യുവാക്കളിലൊരാൾ കൊടുങ്ങല്ലൂർ സ്വദേശിയും മറ്റൊരാൾ കൊല്ലം സ്വദേശിയുമാണ്. ഇവരുടെ സഹായത്തോടെയാണ് പെൺകുട്ടികൾ ബംഗളൂരുവിലെത്തിയതെന്നാണ് സൂചന. പിടിയിലായവരെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരം പുറത്തുവരും.
വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെ യുവാക്കൾ മടിവാള മാരുതി നഗറിലെ സർവിസ് അപ്പാർട്മെന്റിലെത്തി റൂം അന്വേഷിച്ചിരുന്നു. റൂം ഉണ്ടെന്ന് അറിയിച്ചപ്പോൾ ഉച്ചക്ക് രണ്ടരയോടെ റെന്റ് എ ബൈക്കിൽ ഇവർ വീണ്ടും വന്നു. തിരിച്ചറിയൽ കാർഡ് കാണിച്ച് റൂം ബുക്ക് ചെയ്യാനൊരുങ്ങിയതോടെ ആറു പെൺകുട്ടികൾകൂടി ലോബിയിലേക്ക് വന്നു. കേരളത്തിൽ നിന്ന് പെൺകുട്ടികളെ കാണാതായതുസംബന്ധിച്ച് നേരത്തെ മലയാളി സംഘടന പ്രവർത്തകർ ഹോട്ടലുകാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
പെൺകുട്ടികളെ കണ്ടതോടെ അപ്പാർട്മെന്റ് ജീവനക്കാർക്ക് സംശയം തോന്നി. കൈയിൽ തിരിച്ചറിയൽ രേഖകളില്ലെന്നും എല്ലാവരുടെയും മൊബൈൽഫോൺ കളവുപോയെന്നുമാണ് അറിയിച്ചത്. തിരിച്ചറിയൽ കാർഡിന്റെ കോപ്പി വീട്ടുകാർ സുഹൃത്തുക്കളായ യുവാക്കളുടെ മൊബൈൽഫോണിലേക്ക് അയക്കുമെന്നും പെൺകുട്ടികൾ പറഞ്ഞു. ഇതോടെ ഹോട്ടൽ ജീവനക്കാർ കെ.എം.സി.സി, എം.എം.എ പ്രവർത്തകരെ വിവരമറിയിച്ചു. ഇവരെത്തി വിവരം തിരക്കുമ്പോഴേക്കും അഞ്ചു പെൺകുട്ടികൾ ഇറങ്ങി ഓടി.
ഒരു പെൺകുട്ടി അവശനിലയിലായിരുന്നെന്നും യുവാക്കൾ ഓടാൻ മുതിർന്നില്ലെന്നും ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു. മൊബൈൽ ഫോൺ നഷ്ടമായെന്ന് പറഞ്ഞ് പെൺകുട്ടികൾ തങ്ങളുടെ സഹായം തേടിയെന്നാണ് യുവാക്കൾ അറിയിച്ചത്. ഇവർക്ക് 26നും 30നും ഇടയിൽ പ്രായംവരും.
മടിവാള പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ഓടിപ്പോയ പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി മടിവാള എസ്.ഐ പ്രിയകുമാർ പറഞ്ഞു. ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ ചേവായൂർ പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സംഘം വ്യാഴാഴ്ച വൈകീട്ട് ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന ആറു പെൺകുട്ടികളെ കാണാതായത്. സി.ഡബ്ല്യൂ.സി മുഖേന എത്തിയ ജില്ലയിലെതന്നെ പെൺകുട്ടികളാണ് ആറുപേരും. അടുക്കളഭാഗത്തെ അരമതിലിനോട് ചേർന്ന് പുറത്തേക്ക് കോണിവെച്ചാണ് ഇവർ രക്ഷപ്പെട്ടത്. അന്തേവാസികൾ അടുത്തിടെയാണ് ഇവിടെ എത്തിയത്.
രണ്ടുപേർ കഴിഞ്ഞ 25നാണ് എത്തിയത്. ബുധനാഴ്ച രാവിലെ മുതൽ റിപ്പബ്ലിക് ദിന ചടങ്ങുകളിൽ സജീവമായി പങ്കെടുത്തിരുന്ന ഇവർ ഉച്ച ഭക്ഷണത്തിനുശേഷം ടി.വി കണ്ടുകൊണ്ടിരിക്കുന്ന സമയത്താണ് കടന്നുകളഞ്ഞത്. കെട്ടിടത്തിന് ചുറ്റുമുള്ള കാടുകൾ അടുത്തിടെ വെട്ടിത്തെളിയിച്ചതിനാൽ പിറകുവശം വഴി കുട്ടികൾ രക്ഷപ്പെടുകയായിരുന്നു. വിവിധ സ്കൂളുകളിൽ പഠിക്കുന്നവരാണിവർ.
മാധ്യമങ്ങളിലെ വാർത്തയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ കേസെടുത്തു. കമീഷൻ അംഗം ബബിത ബൽരാജ് സ്ഥലത്തെത്തി ബാലമന്ദിരം അധികാരികളിൽനിന്ന് റിപ്പോർട്ട് തേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.