മണ്ണിനടിയിൽ കുടുങ്ങിയ അഹദിനെ പുറത്തെടുക്കുന്നു

മണ്ണിടിഞ്ഞു വീണ് കിണറ്റിലകപ്പെട്ട തൊഴിലാളി മരിച്ചു; കൂടെയുണ്ടായിരുന്ന ആളെ രക്ഷപ്പെടുത്തി

കോട്ടക്കൽ: മണ്ണിടിഞ്ഞു വീണ് കിണറ്റിൽ കുടുങ്ങിയ രണ്ടു തൊഴിലാളികളിൽ ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന ആളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കോട്ടക്കൽ കുർബാനിക്ക് സമീപം ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് അപകടം.

പറപ്പൂർ പൊട്ടിപ്പാറ പരേതനായ ചെവിടികുന്നൻ കുഞ്ഞിമുഹമ്മദിന്റെ മകൻ അലി അക്ബറാണ് (30) മരിച്ചത്. പരിക്കേറ്റ കൊഴൂർ സ്വദേശി ചീരൻകുഴിയിൽ അലിയുടെ മകൻ അഹദ് എന്ന ഷിജുവിനെ (27) ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിർമാണം നടക്കുന്ന പുതുക്കുടി ഉബൈദിന്റെ വീട്ടിലെ കിണറ്റിൽനിന്ന് മണ്ണെടുക്കുമ്പോഴായിരുന്നു അപകടം. ഹനീഫ, റഫീഖ്, ഷിഹാബ്, അർഷാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

അലി അക്ബറും അഹദും കിണറ്റിലിറങ്ങി ജോലി ചെയ്യുന്നതിനിടെ 25 കോൽ താഴ്ചയുള്ള കിണറ്റിലേക്ക് ഒരുഭാഗം അടർന്നു വീഴുകയായിരുന്നു. മുകളിൽ നിന്നവർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു. അലി അക്ബർ പൂർണമായി മണ്ണിനടിയിൽ അകപ്പെട്ടു. അഹദിനെ പുറത്തേക്ക് കാണുന്ന തരത്തിലായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ തമിഴ്നാട് സ്വദേശി പരശു കിണറ്റിലിറങ്ങി അഹദിന് വെള്ളം കൊടുക്കുകയും മുഖത്തെയും തലയിലെയും ചളി നീക്കുകയും ചെയ്തു. പിന്നീട് സ്ഥലത്തെത്തിയ ജില്ല ഫയർ സ്‌റ്റേഷൻ മേധാവി എസ്.എൽ. ദിലീപിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. അഹദിനെ പുറത്തേക്ക് എത്തിക്കുകയെന്നതായിരുന്നു പ്രധാന ദൗത്യം. ഉച്ചക്ക് 1.15ഓടെ പുറത്തെത്തിച്ച അഹദിനെ ആശുപത്രിയിലേക്ക് മാറ്റി.

തുടർന്ന് അലിയെ പുറത്തെടുക്കാൻ മണ്ണെടുക്കുന്ന പ്രവൃത്തി ആരംഭിച്ചു. വൈകീട്ട് 3.30ഓടെ അലിയെ പുറത്തെത്തിച്ചെങ്കിലും മരിച്ചിരുന്നു. മുബഷിറയാണ് അലി അക്ബറിന്റെ ഭാര്യ. മക്കൾ: ഹന്ന ഫാത്തിമ, സന ഫാത്തിമ, മുഹമ്മദ് റൈഹാൻ.

Tags:    
News Summary - One of the two laborers who got trapped in the well after the landslide died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.