തിരുവനന്തപുരം: കേരളം കോവിഡിനെ പേടിച്ചുതുടങ്ങിയിട്ട് ഒരാണ്ട്. വർഷമൊന്ന് പിന്നിടുേമ്പാൾ പ്രതിദിന കണക്കുകളിലും രോഗികളുടെ എണ്ണത്തിലും രാജ്യത്ത് ഒന്നാമത് നിൽക്കുന്നതും കേരളം. കഴിഞ്ഞ ജനുവരി 30നാണ് രാജ്യത്താദ്യമായി കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് േപാസിറ്റിവിറ്റി മുതൽ പ്രതിദിനകേസുകളിൽവരെ സമാശ്വാസത്തിന് വകയില്ല. മരണനിരക്ക് കുറവാണെന്ന് പറയുേമ്പാഴും മാസങ്ങളായി തുടരുന്ന മരണശരാശരി കുറയ്ക്കാനും കഴിഞ്ഞിട്ടില്ല.
തുടക്കം തകർത്തു, പക്ഷേ
കോവിഡ് വ്യാപന തുടക്കത്തിൽ സാമൂഹിക അടുക്കളയടക്കം ക്ഷേമപ്രവർത്തനങ്ങളും സാമൂഹിക നിയന്ത്രണങ്ങളും കാര്യക്ഷമമായി നടപ്പാക്കിയെങ്കിലും പിന്നീട് കാര്യങ്ങൾ കൈവിട്ടു. സമ്പർക്കവ്യാപനം സൂപ്പർ സ്പ്രെഡിലേക്കും സമൂഹവ്യാപനത്തിലേക്കും വഴിമാറി. ഉറവിടമറിയാത്ത രോഗബാധിതരും ലക്ഷണമില്ലാത്ത വൈറസ് ബാധിതരുമെല്ലാമായി ആശങ്കയുടെ നാളുകൾ.
ഏറ്റവുമൊടുവിൽ യു.കെയിലടക്കം കണ്ടെത്തിയ തീവ്രവ്യാപനശേഷിയുള്ള വൈറസുകളുടെ സാന്നിധ്യവും കേരളത്തിൽ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് കേസ് 50000 കടക്കാനെടുത്തത് ആറരമാസമെങ്കിൽ അടുത്ത 50000ന് വേണ്ടിവന്നത് 23 ദിവസം മാത്രം. അടുത്ത അഞ്ചുമാസം കൊണ്ട് സംസ്ഥാനത്താകെ കോവിഡ് ബാധിച്ചവർ 9,11,362 പേരായി. ഇതിൽ 8,35,046 പേർ രോഗമുക്തി നേടി.
72634 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ആദ്യമായി കേസ് റിപ്പോർട്ട് ചെയ്തിട്ടും വ്യാപന പാരമ്യത പരമാവധി വൈകിപ്പിക്കാനായി (സ്ലോ ദി പീക്ക്) എന്നതാണ് ആരോഗ്യവകുപ്പിെൻറ പുതിയ വിശദീകരണം
അവസാനിക്കാത്ത മൂന്നാംഘട്ടം
ചൈനയിൽ കോവിഡ് പടർന്ന ഘട്ടത്തിൽതന്നെ മതിയായ മുന്നൊരുക്കം ആരോഗ്യവകുപ്പ് നടത്തിയിരുന്നു. ഇതുമൂലം ആദ്യ കേസ് സ്ഥിരീകരിച്ചപ്പോൾ പരിഭ്രമിച്ചുനിൽക്കാതെ പ്രതിരോധം ഉൗർജിതമാക്കാനായി.
ഒരാൾക്കുപോലും സമ്പർക്കപ്പകർച്ചയുണ്ടാകാതെ കോവിഡിനെ നിയന്ത്രിച്ചുനിർത്താനായി എന്നതാണ് ഇൗ ഘട്ടത്തിലെ നേട്ടം. ഇറ്റലിയിൽനിന്നെത്തിയ പത്തനംതിട്ട സ്വദേശികളായ കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചതും മറ്റ് ജില്ലകളിൽ കോവിഡ് കേസ് റിപ്പോർട്ട് െചയ്തുതുടങ്ങിയതുമാണ് രണ്ടാം ഘട്ടം. േലാക്ഡൗൺ ഇളവുകളെ തുടർന്ന് മലയാളികളുടെ മടങ്ങിവരവ് തുടങ്ങിയ മേയ് നാല് മുതലാണ് മൂന്നാം ഘട്ടത്തിേലക്ക് കടന്നത്. 'ആരിൽനിന്നും രോഗം പകരാം' എന്ന അനിശ്ചിതത്വത്തിലേക്ക് കാര്യങ്ങൾ വഴിമാറി.
നിയന്ത്രണങ്ങൾ മാസ്കിലേക്ക് ചുരുങ്ങി
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിെച്ചങ്കിലും വ്യാപകമായി കൂടിച്ചേരലുണ്ടായി. പൊതു ഇടപെടലുകളെല്ലാം ഉദാരമായി. മാസ്കിലേക്ക് മാത്രമായി കോവിഡ് നിയന്ത്രണങ്ങൾ ചുരുങ്ങിയതാണ് പിന്നീട് കണ്ടത്.
ടെസ്റ്റുകൾ പോര
ടെസ്റ്റുകളുടെ അപര്യാപ്തത തുടക്കം മുതൽ ആേരാഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഇനിയും പരിഹരിച്ചിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി ശരാശരി 11 ആണിപ്പോൾ. രാജ്യത്ത് പ്രതിദിന കേസുകളിൽ ഒന്നാം സ്ഥാനത്താണ് കേരളമെങ്കിലും പരിശോധനകളുടെ കാര്യത്തിൽ രാജ്യത്തെ മൊത്തം ടെസ്റ്റുകളുടെ എട്ട് ശതമാനം മാത്രമാണ് ഇവിടെ. ഇതുവരെ നടന്ന 91 ലക്ഷം ടെസ്റ്റുകളിൽ 60 ലക്ഷത്തിലധികവും ആൻറിജൻ പരിശോധനയാണ്. അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ 100 ശതമാനവും ആർ.ടി.പി.സി.ആറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.