തിരുവനന്തപുരം: കടയിലും മറ്റും പോകാൻ സർക്കാർ ഇന്നുമുതൽ നടപ്പാക്കിയ പുതിയ ഉത്തരവിൽ സർവത്ര ആശയക്കുഴപ്പം. പൊതുസ്ഥലത്ത് പ്രവേശിക്കാൻ വാക്സിൻ, ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റോ ഒരുമാസത്തിന് മുമ്പ് കോവിഡ് ഭേദമായെന്ന രേഖയോ നിർബന്ധമാണെന്നാണ് ചീഫ് സെക്രട്ടറി ഇന്നലെ ഇറക്കിയ ഉത്തരവിൽ പറയുന്നത്. ഇന്ന് മന്ത്രി വീണ ജോർജ് ഈ ഉത്തരവിൽ ഉറച്ചുനിൽക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, ഇതെങ്ങനെ നടപ്പാക്കുമെന്നറിയാതെ ഉദ്യോഗസ്ഥരും എങ്ങിനെ പാലിക്കുമെന്ന് അറിയാതെ ജനങ്ങളും ആശയക്കുഴപ്പത്തിലാണ്.
സംസ്ഥാനത്ത് പ്രായമായവർക്കാണ് കൂടുതലും വാക്സിൻ ലഭിച്ചത്. 45 വയസ്സിനു മുകളിലുള്ളവരാണ് ഇതിൽ അധികവും. സർക്കാർ ഉത്തരവ് അനുസരിച്ച് പുറത്തുപോകാൻ ഇവർക്കാണ് അനുമതി ലഭിക്കുക. ചെറുപ്പക്കാരിൽ ഏറെയും വീട്ടിലിരിക്കേണ്ടിവരും. ഇത് സ്ഥിതി ഗുരുതരമാക്കും. എന്നുമാത്രമല്ല ജോലി ചെയ്യാനും മറ്റും ചെറുപ്പക്കാർ പുറത്തിറങ്ങണം. അതിനാൽ ഉത്തരവ് നടപ്പാക്കൽ പ്രായോഗികവുമല്ല. ഉത്തരവ് പാലിക്കാത്തവരിൽനിന്ന് പിഴ ഈടാക്കാനാണ് തീരുമാനമെങ്കിൽ പിന്നെ പൊലീസിന് അതിനേ നേരമുണ്ടാകൂ.
കേരളത്തിലെ ജനങ്ങളിൽ 42.1% പേർക്ക് മാത്രമാണ് ഒന്നാം ഡോസ് വാക്സിൻ ലഭിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് നിയമസഭയിൽ ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തിൽ സർക്കാർ ഉത്തരവ് അപ്രായോഗികമാണെന്നും പൊലീസുകാർക്ക് ഫൈൻ അടിക്കാനുള്ള നിർദേശമാണെന്നും സതീശൻ കുറ്റപ്പെടുത്തി. കേരളം ഒരു ഫൈൻ സ്റ്റേറ്റ് ആയി മാറി എന്നാണ് അദ്ദേഹം ആരോപിച്ചത്. പൊലീസുകാർക്ക് ക്വാട്ട നിർദേശിച്ച് നൽകിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായി ഉത്തരവിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
എന്നാൽ, പൊതു പ്രാധാന്യമെന്ന നിലയിലാണ് നിയമസഭയിലെ പ്രസ്താവനയെന്നും ഉത്തരവും പ്രസ്താവനയും തമ്മിൽ വൈരുദ്ധ്യങ്ങളില്ലെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്‍റെ ന്യായീകരണം. ഉത്തരവിൽ പ്രായോഗിക നിർദേശങ്ങൾ മാത്രമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
നിയമസഭയിൽ ബുധനാഴ്ച നടത്തിയ പ്രസ്താവനയിൽ ഈ നിബന്ധനകളെ മന്ത്രി 'അഭികാമ്യം' എന്നാണ് പറഞ്ഞത്. എന്നാൽ, ചീഫ് സെക്രട്ടറി ഉത്തരവിറക്കിയപ്പോൾ അവ 'നിർബന്ധ'മാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.