തിരുവനന്തപുരം: പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ നിലവിലുള്ള രീതിയിൽ സ്കൂളുകളിൽ ഓഫ്ലൈനായി തുടരാൻ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾക്ക് ഡിജിറ്റൽ/ ഓൺലൈൻ പഠനമായിരിക്കും. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകൾക്ക് വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റൽ ക്ലാസുകളും എട്ട്, ഒമ്പത് ക്ലാസുകൾക്ക് ജി.സ്യൂട്ട് പ്ലാറ്റ്ഫോം വഴിയുള്ള ഓൺലൈൻ ക്ലാസുകളുമായിരിക്കും.
ഓൺലൈൻ ക്ലാസുകളിൽ ഹാജരാകാത്ത കുട്ടികളുടെ രക്ഷിതാക്കളുമായി അധ്യാപകർ ബന്ധപ്പെട്ട് കാരണംതേടി പരിഹരിക്കണം. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികൾക്ക് പരീക്ഷ നടത്തുന്നത് സംബന്ധിച്ച് വൈകാതെ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
അധ്യാപകരും അനധ്യാപകരും എല്ലാ ദിവസവും സ്കൂളിൽ ഹാജരാകണം. ഉപജില്ല/ജില്ല വിദ്യാഭ്യാസ ഓഫിസർമാർ സ്കൂളുകളുടെ പ്രവർത്തനങ്ങൾ, ജീവനക്കാരുെടയും കുട്ടികളുെടയും ഹാജർനില, വാക്സിനേഷൻ നില, കോവിഡ് ബാധിതരുടെ എണ്ണം, ഡിജിറ്റൽ/ഓൺലൈൻ, ഓഫ്ലൈൻ ക്ലാസുകളുടെ പുരോഗതി വിവരങ്ങൾ രണ്ട് ദിവസത്തിലൊരിക്കൽ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നൽകണം.
ആർ.ഡി.ഡി മാരും എ.ഡിമാരും റിപ്പോർട്ട് ഡയറക്ടറേറ്റിലേക്ക് നൽകണം. വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും ഡയറക്ടർ ആഴ്ചയിലൊരിക്കൽ സർക്കാറിനും റിപ്പോർട്ട് സമർപ്പിക്കണം.
തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ ഫോക്കസ് ഏരിയയിലോ ചോദ്യപേപ്പർ പാറ്റേണിലോ മാറ്റം വരുത്തില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. 60 ശതമാനം ഫോക്കസ് ഏരിയയിൽ നിന്ന് 70ശതമാനം ചോദ്യങ്ങൾക്കാണ് ഉത്തരമെഴുതേണ്ടത്. നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 30 ശതമാനം ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം.
അധികമായി 50 ശതമാനം മാർക്കിനുള്ള ചോദ്യങ്ങളുണ്ടാകും. പൊതുപരീക്ഷ എഴുതുന്നവർ എന്ന നിലയിൽ പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ പാഠഭാഗങ്ങൾ പരീക്ഷക്ക് മുമ്പ് നിർബന്ധമായും പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
വിദ്യാർഥികളുടെ മികവിനനുസരിച്ച് മൂല്യനിർണയം നടത്തുന്നതിനാണ് മാറ്റങ്ങൾ. എൻട്രൻസ് ഉൾപ്പടെയുള്ള പരീക്ഷകളിൽ എല്ലാ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ വരുമ്പോൾ സ്റ്റേറ്റ് സിലബസിലുള്ള കുട്ടികൾ പിന്നാക്കം പോകാൻ പാടില്ല. ഇന്റേണൽ/പ്രാക്ടിക്കൽ മാർക്കുകൾ കൂട്ടിച്ചേർത്താണ് വിദ്യാർഥികളുടെ ഗ്രേഡ് നിശ്ചയിക്കുന്നത്. എ പ്ലസ് കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ശിശുകേന്ദ്രീകൃത സമഗ്രവികാസമെന്ന കാഴ്ചപ്പാടിനെ ദുർബലപ്പെടുത്തും.
പരാതികൾ ഉയർന്നാൽ പരീക്ഷക്ക് ശേഷം യുക്തമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികളെ പരീക്ഷക്ക് സജ്ജമാക്കുന്നതിന് രക്ഷാകർത്താക്കൾക്കുകൂടി എസ്.എസ്.കെയുടെ നേതൃത്വത്തിൽ മാർഗനിർദേശം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.