കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ ഒന്നാം സെമസ്റ്റർ പി.ജി പരീക്ഷ ഓൺലൈനിൽ നടത്താൻ തീരുമാനിച്ചത് മുന്നൊരുക്കമില്ലാതെ. പ്രിൻസിപ്പൽ, പരീക്ഷ സൂപ്രണ്ട് തുടങ്ങിയവർക്ക് പരിശീലനം നൽകാതെയാണ് ഓൺലൈൻ പരീക്ഷ തുടങ്ങിയത്. സാങ്കേതിക പ്രശ്നങ്ങളും മറ്റും കാരണം പരീക്ഷ തുടങ്ങാൻ വൈകിയത് അധ്യാപകരെയും വിദ്യാർഥികളെയും വലച്ചിരുന്നു. സാങ്കേതിക സംവിധാനങ്ങളുടെ പരാജയമാണ് ആദ്യദിനം പലയിടങ്ങളിലും പരീക്ഷ വൈകാൻ ഇടയായത്. കോളജ് അധികൃതരുടെ ഓൺലൈൻ വഴിയുള്ള യോഗം മാത്രമായിരുന്നു ഏക മുന്നൊരുക്കം.
അധ്യാപകർക്കും ഓൺലൈൻ പരീക്ഷ നടത്തിപ്പ് ആദ്യ അനുഭവമായിരുന്നു. വെള്ളിയാഴ്ച 11ന് ട്രയൽ നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ട്രയലുണ്ടായിരുന്നില്ല. ഒ.ടി.പി കിട്ടാൻ വൈകിയതും ചോദ്യക്കടലാസ് ഡൗൺലോഡ് ചെയ്യാൻ കഴിയാത്തതുമായിരുന്നു ആദ്യദിനത്തിലെ ഓൺലൈൻ പരീക്ഷ താളംതെറ്റാൻ കാരണം. ചോദ്യക്കടലാസുകൾ ചോർന്നതായും ആരോപണമുണ്ട്. ചോദ്യക്കടലാസ് കിട്ടാത്തവർ സമീപത്തെ കോളജുകളിൽനിന്ന് ഇ-മെയിൽ വഴി മറ്റു കോളജുകളിലേക്ക് അയച്ചാണ് പ്രശ്നം പരിഹരിച്ചത്.
പരീക്ഷ ഓൺലൈൻ ആകുന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ ലാഭം കാലിക്കറ്റിനുണ്ടാകും. ചെന്നൈയിൽനിന്നടക്കം അച്ചടി പൂർത്തിയാക്കി വിമാനത്തിലായിരുന്നു പലപ്പോഴും ചോദ്യക്കടലാസ് എത്തിയിരുന്നത്. ഓൺലൈൻ പരീക്ഷക്ക് ചോദ്യക്കടലാസ് അച്ചടിക്കേണ്ടതില്ലാത്തതിനാൽ ഈയിനത്തിൽ ചെലവ് കുറയും. പരീക്ഷകേന്ദ്രങ്ങളിൽ വിതരണം ചെയ്യാൻ വാഹനങ്ങൾ ഓടുന്നതിെൻറ ചെലവും കുറയും. തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെ ചോദ്യക്കടലാസ് ലഭ്യമായില്ലങ്കിൽ അധ്യാപകരും വിദ്യാർഥികളും പ്രത്യക്ഷ പ്രതിഷേധത്തിനിറങ്ങാനിടയുണ്ട്. അതേസമയം, ഞായറാഴ്ച എല്ലാ പരീക്ഷ കേന്ദ്രം അധികൃതരുടെയും യോഗം വിളിക്കുന്നു ഓൺലൈൻ പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്തുമെന്നും പരീക്ഷ കൺട്രോളർ ഡോ.സി.സി. ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.