ആലുവ: ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി റൂറൽ ജില്ല പൊലീസ്. 'ഓൺലൈൻ വഴി ഞങ്ങളുടെ ഉൽപ്പന്നം വാങ്ങിയതിന് നന്ദി, നിങ്ങൾക്ക് സമാനമായി ഒരു ബൈക്ക് ലഭിച്ചിരിക്കുന്നു.. അഭിനന്ദനങ്ങൾ '...... ഇങ്ങനെ തുടങ്ങുന്ന ഒരു സന്ദേശം നിങ്ങൾക്ക് വന്നാൽ ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ അക്കൗണ്ടിലുള്ള തുക മുഴുവൻ തൂത്തു പെറുക്കി കൊണ്ടുപോകുമെന്ന് റൂറൽ ജില്ല പൊലീസ് ഓർമിപ്പിക്കുന്നു.
തട്ടിപ്പിൻറെ പുതിയ മുഖമാണിത്. പേരുകേട്ട ഓൺലൈൻ വ്യാപാര സ്‌ഥാപനങ്ങളുടെ പേരിലാണ് ഇത്തരം സന്ദേശങ്ങൾ വരുന്നത്. ഈ സ്‌ഥാപനങ്ങളിൽ നിന്ന് മുമ്പ് എന്തെങ്കിലും ഒാൺലൈനായി നിങ്ങൾ വാങ്ങിയിട്ടുണ്ടാകും. പിന്നെ സംശയിക്കാനൊന്നുമില്ലല്ലോ. അവർ സമ്മാനമായി തരുന്നത് കാർ, ബൈക്ക്, ഗൃഹോപകരണങ്ങൾ ... അങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന വസ്തുക്കളാണ്.. അവരെ ബന്ധപ്പെടാൻ ഒരു ഫോൺ നമ്പറോ, ഇ-മെയിൽ ഐഡിയോ കൊടുത്തിട്ടുണ്ടാകും.
ഇനി അങ്ങോട്ട് വിളിക്കാൻ വൈകിയാൽ അഭിനന്ദനം അറിയിച്ച് അവർ വിണ്ടും വിളിക്കും. വലയിൽ വീണാൽ അക്കൗണ്ട് നമ്പറും, പാസ്വേഡും, മൊബൈലിൽ വന്ന ഒ.ടി.പി നമ്പറും കൈമാറുകയാണ് അടുത്ത നടപടി. കൂടാതെ കാറും ബൈക്കും ലഭിക്കുന്നതിനുള്ള നികുതി, മറ്റ് ഉൽപ്പന്നങ്ങൾ കൈമാറാൻ ജി.എസ്.ടി തുക അങ്ങനെ അവരുടെ മോഹവലയത്തിൽ കുടുങ്ങി പണം പോയവരുടെ നിരവധി പരാതികൾ റൂറൽ പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
യഥാർഥ കമ്പനികളുടെ വ്യാജ ലോഗോയും അനുബന്ധ വിവരങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പ്. പലപ്പോഴും ഫോൺ വിളിക്കുന്ന രണ്ടു പേർ മാത്രമറിഞ്ഞുള്ള ഇടപാടാണെന്നതിനാൽ പണം പോയതിന് ശേഷമാണ് പുറം ലോകം അറിയുക. പരാതിയുമായി എത്തുമ്പോൾ തട്ടിപ്പുകാർ അവരുടെ മൊബൈൽ, അക്കൗണ്ട് നമ്പറുകൾ മാറ്റിയിട്ടുണ്ടാകും.
ഛണ്ഡീഗഡ്, ബിഹാർ, പശ്ചിമ ബംഗാൾ അതിർത്തി തുടങ്ങിയിടത്തു നിന്നുമാണ് ഇത്തരം തട്ടിപ്പുകൾ നിയന്ത്രിക്കുന്നത്. ഇവർക്ക് പ്രത്യേകം ഓഫിസുകൾ ഒന്നുമില്ല. ഒരു മൊബൈലും ലാപ്ടോപ്പും മാത്രമായിരിക്കും ഇത്തരക്കാരുടെ മുടക്കുമുതൽ. അതു കൊണ്ടു തന്നെ ഇവരെ കണ്ട് പിടിക്കുക എളുപ്പവുമല്ല.
ഇത്തരം സ്‌ഥാപനങ്ങളുടെ പേരിൽ സ്ക്രാച്ച് ആൻഡ് വിൻ കാർഡ് അയച്ചു നൽകി തട്ടിപ്പു നടത്തുന്നവരുമുണ്ട്. ചുരണ്ടി നോക്കി അതിൽ രേഖപ്പെടുത്തിയ സമ്മാനം വിളിച്ചറിയിക്കുക. കാർഡുകളിൽ വമ്പൻ സമ്മാനങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അത് കരസ്‌ഥമാക്കാൻ കാശ് കളയുന്നവരും നിരവധിയാണ്.
കോവിഡ് കാലത്ത് രണ്ട് ശതമാനം മുതൽ പലിശനിരക്കിൽ ലോൺ തരാമെന്ന് പറഞ്ഞ് ഒാൺലൈൻ വഴി തട്ടിപ്പു നടത്തുന്ന സംഘത്തിൻറെ കെണിയിൽപ്പെട്ട് പതിനായിരക്കണക്കിന് രൂപ നഷ്ടപ്പെട്ടവരുടെ പരാതിയും ലഭിച്ചിട്ടുണ്ടെന്നും ഇതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.