കൊച്ചി: ഓൺലൈൻ മോഹിനിയാട്ടം അവതരിപ്പിക്കാൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ.വി രാമകൃഷ്ണന് സംഗീത നാടക അക്കാദമി അവസരം നൽകിയില്ലെന്ന വിവാദത്തിൽ പ്രതികരണവുമായി അധ്യക്ഷ കെ.പി.എ.സി ലളിത. ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞതാണ് ശരിയെന്ന് കെ.പി.എ.സി ലളിത പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ലളിത വ്യക്തമാക്കി.
കെ.പി.എ.സി ലളിതയെ കൊണ്ട് സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ നുണ പറയിപ്പിച്ചതാണെന്നും പ്രശ്നങ്ങൾക്കെല്ലാം കാരണം സെക്രട്ടറിയുടെ ഏകാധിപത്യ സ്വഭാവമാണെന്നും കഴിഞ്ഞ ദിവസം രാമകൃഷ്ണൻ ആരോപിച്ചിരുന്നു.
ആവശ്യമായ യോഗ്യതകളുണ്ടെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ഓൺലൈൻ പരിപാടിക്ക് അപേക്ഷിച്ചത്. ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ ലളിതച്ചേച്ചി ശരിയാക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ, സെക്രട്ടറിയാണ് എതിരുനിന്നത്.
മോഹിനിയാട്ടം സ്ത്രീകളുടെ ഇനമാണെന്നും രാമകൃഷ്ണൻ പരിപാടി അവതരിപ്പിച്ചാൽ അക്കാദമിയുടെ നിലവാരം പോകുമെന്നും നാലു വർഷത്തെ അക്കാദമി ഭരണത്തിന്റെ പേര് നഷ്ടമാകുമെന്നും ലളിത ചേച്ചിയെ കൊണ്ട് സെക്രട്ടറി പറയിപ്പിക്കുകയായിരുന്നു.
ഇതോടെ മാനസികമായി വല്ലാതെ തകർന്നു. സഹോദരിയെപ്പോലെയും അമ്മയെപ്പോലെയും സ്നേഹിക്കുന്ന ലളിതച്ചേച്ചി കൂറുമാറിയത് ഞെട്ടിച്ചു. മാനസികമായ ആഘാതം സഹിക്കാനാവാത്തതിനെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും രാമകൃഷ്ണൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.