തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിത്തുക വിനിയോഗം നാലിലൊന്നു മാത്രം

കോഴിക്കോട്: പാസ്മാര്‍ക്കുപോലും നേടാനാകാതെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിത്തുക വിനിയോഗം. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 31പ്രവൃത്തി ദിവസം മാത്രം അവശേഷിക്കുമ്പോള്‍ പദ്ധതി വിനിയോഗം കേവലം 24.69 ശതമാനമാണ്. 5653.55 കോടി രൂപയില്‍ 1389.34 കോടിയാണ് ശനിയാഴ്ചവരെ വിനിയോഗിച്ചത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയാകുമ്പോഴേക്ക് 37.78 ശതമാനമത്തെിയിരുന്നു.

ബ്ളോക്ക് പഞ്ചായത്തുകള്‍ -27.63 ശതമാനം, ഗ്രാമപഞ്ചായത്തുകള്‍ -26.22, ജില്ല പഞ്ചായത്തുകള്‍ -24.03, മുനിസിപ്പാലിറ്റികള്‍ -21.76, കോര്‍പറേഷനുകള്‍ -17.52 എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ കണക്ക്. ഇനിയുള്ള ഒരുമാസത്തെ അവധി ദിവസങ്ങള്‍വരെ ഉപയോഗപ്പെടുത്തിയാലും പദ്ധതി വിനിയോഗം അമ്പതു ശതമാനത്തില്‍ എത്തിക്കാനേ കഴിയൂ എന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
2014-15 വര്‍ഷത്തില്‍ പദ്ധതി വിനിയോഗം മൊത്തം 68.21 ശതമാനമായിരുന്നു.

വലിയ മുന്നൊരുക്കം നടത്തിയതിന്‍െറ ഭാഗമായി 2015-16ല്‍ 73.61 ശതമാനമാക്കി ഉയര്‍ത്താനായി. ഇത് മറികടക്കാനാകുമെന്ന് കരുതിയിരുന്നപ്പോഴാണ് വലിയ പാളിച്ചയുണ്ടായത്. പദ്ധതി വിനിയോഗം കാര്യക്ഷമമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കുന്നതില്‍വരെ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും കാര്യമായ പുരോഗതി നേടാനായിട്ടില്ല. മിക്ക തദ്ദേശ സ്ഥാപനങ്ങളും വീടിനും മറ്റുമുള്ള പ്ളാന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതുപോലും നിര്‍ത്തിവെച്ചിരിക്കുകയാണിപ്പോള്‍. മുന്‍വഷങ്ങളില്‍ പദ്ധതി പ്രവര്‍ത്തനം ഏപ്രില്‍, മേയ് മാസങ്ങളില്‍ തുടങ്ങിയിരുന്നെങ്കില്‍ ഈ സാമ്പത്തികവര്‍ഷം ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ആരംഭിച്ചത്.

കോര്‍പറേഷനുകളില്‍ കണ്ണൂരും കൊല്ലവും മുന്നിട്ടുനില്‍ക്കുമ്പോള്‍ കോഴിക്കോടാണ് പിന്നില്‍. മുനിസിപ്പാലിറ്റികളില്‍ കട്ടപ്പന, ഹരിപ്പാട്, രാമനാട്ടുകര എന്നിവ മുന്നേറുമ്പോള്‍ വടക്കാഞ്ചേരി, ഈരാറ്റുപേട്ട, അടൂര്‍ എന്നിവ പിന്നിലായി. ബ്ളോക്ക് പഞ്ചായത്തുകളില്‍ 70.03 ശതമാനവുമായി റെക്കോഡിട്ട് പെരുമ്പടപ്പും പിന്നാലെ പുലിക്കീഴും വൈപ്പിനും കുതിക്കുമ്പോള്‍ കല്‍പറ്റ, പെരുംകടവില, മാനന്തവാടി, ചേളന്നൂര്‍ എന്നിവയാണ് കിതക്കുന്നത്.

ഗ്രാമപഞ്ചായത്തുകളില്‍ കതിരൂരും എലപ്പുള്ളിയും മുന്നിട്ടുനില്‍ക്കുമ്പോള്‍ തലനാട്, പുതൂര്‍, പൂമംഗലം എന്നിവയാണ് ഏറ്റവും പിന്നില്‍. ജില്ല പഞ്ചായത്തുകളില്‍ വയനാടും തൃശൂരും മുന്നേറുമ്പോള്‍ കണ്ണൂരും പാലക്കാടുമാണ് പിന്നില്‍.

Tags:    
News Summary - only one fourth of fund ised by local administation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.