കോട്ടയം: മരണവിവരമറിഞ്ഞ് ബംഗളൂരുവിലെ വീട്ടിൽ ഓടിയെത്തിയ രാഹുൽ ഗാന്ധി തനിക്കേറെ പ്രിയനായ മുതിർന്ന നേതാവിനെ ഒരുവട്ടം കൂടി കാണാൻ പുതുപ്പള്ളിയിലുമെത്തി. ഉമ്മൻ ചാണ്ടിയുടെ ‘പണിതീരാത്ത വീട്ടിൽ’ നിന്ന് സംസ്കാരം നടന്ന പള്ളിയിലേക്കുള്ള വിലാപയാത്രയിൽ കാൽനടയായാണ് രാഹുൽ പങ്കാളിയായത്. ഭാരത് ജോഡോ യാത്രയിൽ മുഴുനീളെ പങ്കെടുത്ത ചാണ്ടി ഉമ്മനോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയായി രാഹുൽഗാന്ധിക്ക് ഈ സന്ദർശനം.
കൊച്ചിയിൽനിന്ന് രാത്രി എട്ടോടെയാണ് രാഹുൽ ഗാന്ധി പുതുപ്പള്ളിയിലെത്തിയത്. ആദ്യം സംസ്കാരച്ചടങ്ങുകൾ നടന്ന വലിയപള്ളിയിലേക്കാണ് എത്തിയത്. അപ്പോൾ ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം പണി പൂർത്തിയാകാത്ത വീടിന് മുന്നിലായിരുന്നു. ഒരു കിലോമീറ്ററോളം വ്യത്യാസമുള്ള ഈ ഇടത്തേക്ക് രാഹുൽ എത്തുമെന്ന പ്രചാരണം ഉണ്ടായതോടെ സുരക്ഷാ ഉദ്യോഗസ്ഥർക്കും കോൺഗ്രസ് നേതാക്കൾക്കുമിടയിൽ ആശയക്കുഴപ്പമുണ്ടായി. സൗകര്യങ്ങൾ കുറഞ്ഞ ഇവിടേക്ക് രാഹുൽ എത്തിയാലുണ്ടാകാവുന്ന സുരക്ഷാ പ്രശ്നങ്ങൾ സ്ഥലത്തുണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കോൺഗ്രസ് നേതാക്കളെ അറിയിച്ചു. തുടർന്ന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെ കൂടിയാലോചിച്ച് ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര ഉടൻ ആരംഭിക്കാൻ തീരുമാനിച്ചു. തുടർന്ന്, എട്ടേകാലോടെ വിലാപയാത്ര ആരംഭിച്ചു. അതിനിടയിൽ രാഹുലിന്റെ വാഹനം ഇവിടേക്ക് തിരിച്ചിരുന്നു. വഴിയിൽെവച്ച് ഇറങ്ങിയ രാഹുൽ വിലാപയാത്രയിൽ കാൽനടയായി പങ്കാളിയുമായി. തുടർന്ന്, പള്ളി വരെ നടന്ന അദ്ദേഹം ഭൗതികശരീരത്തിൽ പുഷ്പചക്രം അർപ്പിച്ച് അന്ത്യശുശ്രൂഷ ചടങ്ങുകളിലുൾപ്പെടെ പങ്കെടുത്താണ് മടങ്ങിയത്.
ഭൗതികശരീരത്തിനുമുന്നിൽ വിഷണ്ണനായി ഇരുന്ന അദ്ദേഹം, ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അവരുമായി കുറേനേരം അദ്ദേഹം സംസാരിക്കുന്നതും കാണാമായിരുന്നു. തന്റെ സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുമെത്തിയിരുന്നു. ദുഃഖം കടിച്ചമർത്തിയാണ് അദ്ദേഹം പങ്കെടുത്തത്. മന്ത്രിമാരായ സജി ചെറിയാൻ, കെ.എൻ. ബാലഗോപാൽ, പി. പ്രസാദ്, റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സജീവമായി. തിരുവനന്തപുരത്തുനിന്ന് തന്നെ വിലാപയാത്രയുടെ ഭാഗമായിരുന്ന മന്ത്രി വി.എൻ. വാസവൻ ഒരു കാരണവരെപ്പോലെ എല്ലായിടങ്ങളിലുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.