പുതുപ്പള്ളി: പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കമ്യൂണിറ്റി ഹാളിന് മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടിയുടേയോ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയോ പേരുകളിൽ ഏത് നൽകണമെന്നതിനെ ചൊല്ലി രാഷ്ട്രീയ വിവാദം. പുതുപ്പള്ളിയിൽ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കമ്യൂനിറ്റി ഹാളിന്റെ പേരിടലാണ് ഈ രാഷ്ട്രീയ വിവാദത്തിൽ തീരുമാനമാകാതെ നീളുന്നത്. ഹാളിന്റെ മുന്നിൽ പേരെഴുതുന്നതിനുള്ള സ്ഥലം ഒഴിച്ചിട്ടിട്ടുമുണ്ട്. പുതുപ്പള്ളി ടൗണിലെ കമ്യൂനിറ്റി ഹാളിന് പുതുപ്പള്ളിക്കാരനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് ഇടണമെന്ന് ഒരുകൂട്ടർ വാദിക്കുമ്പോൾ ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ.എം.എസിന്റെ പേര് മതി ഹാളിനെന്ന നിലപാടിലാണ് സി.പി.എം.
ഉമ്മൻ ചാണ്ടിയുടെ പേര് നൽകുന്നതിൽ പഞ്ചായത്ത് ഭരണസമിതിക്ക് അത്ര എതിർപ്പൊന്നുമില്ല. എന്നാൽ പഞ്ചായത്ത് സി.പി.എം ഭരിക്കുമ്പോൾ കോൺഗ്രസുകാരനായ ഉമ്മൻ ചാണ്ടിയുടെ പേര് എങ്ങനെ കൊടുക്കുമെന്നതാണ് സി.പി.എമ്മുകാരെ വലക്കുന്നത്. ഹാളിന് ഉമ്മൻ ചാണ്ടിയുടെ പേര് കൊടുക്കണമെന്ന നിലപാടിലാണ് ചാണ്ടി ഉമ്മൻ എം.എൽ.എ. നാട്ടുകാരനായ ഉമ്മൻ ചാണ്ടിയുടെ പേരാണ് ഹാളിന് നൽകേണ്ടത്. ഇ.എം.എസ് പ്രഗത്ഭനായ നേതാവാണെങ്കിലും പുതുപ്പള്ളിയിലെ കെട്ടിടത്തിന് എന്തിനാണ് അദ്ദേഹത്തിന്റെ പേരിടുന്നതെന്ന ചോദ്യമാണ് എം.എൽ.എ ഉന്നയിക്കുന്നത്. ഹാളിന് ഇ.എം.എസിന്റെ പേര് നൽകുന്നതാണ് ഉചിതമെന്ന് പഞ്ചായത്ത് അധികൃതരും വ്യക്തമാക്കുന്നു. ഇങ്ങനെ രാഷ്ട്രീയ വിവാദത്തിൽ കുടുങ്ങി ഹാളിന്റെ പേരിടീൽ ചടങ്ങ് നീളുകയാണ്.
പേരിന്റെ കാര്യത്തിൽ തീരുമാനമായാൽ ഉദ്ഘാടനം കഴിഞ്ഞ് തന്റെ ജോലി ആരംഭിക്കാമെന്ന് കരുതി ഈ കമ്യൂനിറ്റി ഹാൾ കെട്ടിടം കാത്തിരിക്കാൻ തുടങ്ങിയിട്ടും നാളുകളേറെയായി. പക്ഷെ പേരിന്റെ കാര്യത്തിൽ എന്ന് തീരുമാനമാകുമോ അന്നേ ഉദ്ഘാടനം നടക്കൂ. ഒടുവിൽ ഉമ്മൻ ചാണ്ടിയുടെ പേരിലേക്ക് തന്നെ എത്തുമെന്ന പ്രതീക്ഷയിലാണ് പുതുപ്പള്ളിക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.