തിരുവനന്തപുരം: 2018ലെ പ്രളയം മനുഷ്യ നിർമിതമെന്ന് തെളിഞ്ഞതായി കോൺഗ്രസ് പ്രവർത്തക സമിതിയംഗവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി. പ്രളയത്തിന്‍റെ കാരണങ്ങളെ കുറിച്ചുള്ള ബംഗളൂര ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കണ്ടെത്തലുകൾ നിർണായകമാണ്. 433 പേരുടെ മരണത്തിന് ഉത്തരം പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ ബാധ്യസ്ഥനാണ്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പ്രളയത്തിന്‍റെ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് വികസന വിരോധികളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണത്തിനും ഉമ്മൻചാണ്ടി മറുപടി നൽകി. വികസന വിരോധികൾ ആരെന്ന് ചരിത്രം പരിശോധിച്ചാൽ അറിയാം. വികസന വിരോധിപട്ടം പിണറായി സ്വയം ചാർത്തിയാൽ മതിയെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ട്രാക്ടറിനും കംപ്യൂട്ടറിനും എതിരെ സമരം ചെയ്തവരാണ് എൽ.ഡി.എഫ്. എന്‍റെ നെഞ്ചിൽ കൂടിയേ വിമാനം ഇറങ്ങൂവെന്ന് പറഞ്ഞയാളെ നെടുമ്പാശേരി വിമാനത്താവള ഡയറക്ടറുടെ മുറിയിൽ താൻ കണ്ടെന്നും ഉമ്മൻചാണ്ടി പരിഹസിച്ചു.
വികസനം നാടിനും ജനങ്ങൾക്കും വേണ്ടിയാണ്. ജനങ്ങൾക്ക് വേണ്ടാത്ത വികസനവുമായി യു.ഡി.എഫ് മുന്നോട്ടു പോകുകയില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച മുഖ്യമന്ത്രിക്ക് മറുപടി നൽകുകയായിരുന്നു ഉമ്മൻചാണ്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.