വികസന മേഖലകൾ ചൂണ്ടിക്കാട്ടി ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: കേരളപ്പിറവിയുടെ അറുപതാം വാർഷികത്തിൽ സംസഥാനത്തിന്‍റെ വികസന മേഖലകൾ ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആ അടിസ്ഥാന വികസന സൗകര്യങ്ങൾ നമുക്ക് വർധിപ്പിക്കണം. അതിലൂടെ കേരളത്തിന്റെ ടൂറിസം രംഗത്തേ അനന്തമായ സാധ്യതകൾ നമ്മൾ പ്രയോജനപ്പെടുത്തണം. വിവര സാങ്കേതിക മേഖല, ഉന്നത വിദ്യാഭ്യാസ രംഗം, ആയുർവേദം ഉൾപ്പടെയുള്ള ആരോഗ്യ-സേവന മേഖലയുടെ പ്രവർത്തനം എന്നിവയിലൂടെ വൻതോതിലുള്ള മുന്നേറ്റം ഉണ്ടാക്കുവാൻ സാധിക്കണമെന്നും ഉമ്മൻചാണ്ടി വിശദീകരിക്കുന്നു. കൂടാതെ മലയാളികൾക്ക് കേരളപ്പിറവി ആശംസകളും ഉമ്മൻചാണ്ടി നേരുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കേരളപ്പിറവിയുടെ അറുപതാം വാർഷികം നാമെല്ലാവരും അഭിമാനപൂർവം കൊണ്ടാടുകയാണ്. നമ്മളേ ഇവിടെ കൊണ്ടെത്തിച്ചതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ സാരഥികളേയും നന്ദിയോടെ സ്മരിക്കുകയാണ്. അവർക്കോരോരുത്തർക്കും അവരവരുടേതായ പങ്ക് ഈ അറുപത് വർഷത്തെ നേട്ടങ്ങളിൽ അന്തർലീനമാണ്. ഈ അറുപത് വർഷങ്ങൾ കൊണ്ട് കേരളം വളരെയേറെ നേട്ടങ്ങൾ നേടിയിട്ടുണ്ട്. പക്ഷേ എല്ലാത്തിലുമുപരി നമ്മളേ നമ്മളായിട്ടുതന്നെ കാണുന്ന, മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി കാണുന്ന മൂന്ന് ഘടകങ്ങളുണ്ട്. ഒന്ന്, നമ്മുടെ സമുദായ സൗഹാർദം. രണ്ട്, പുരോഗമന ആശയങ്ങളോട് നമ്മൾ കാട്ടിയിട്ടുള്ള ആഭിമുഖ്യം. മൂന്ന്, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയായി നമ്മൾ നടത്തിയിട്ടുള്ള നടപടികൾ. ഇത് മൂന്നും ഈ അറുപത് കൊല്ലത്തേ നേട്ടങ്ങളിൽ അഭിമാനം കൊള്ളുന്പോൾ, മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കേരളത്തെ കാണുന്ന ഈ മൂന്ന് പ്രത്യേകതകളും നമുക്കെന്നും കാത്തു സൂക്ഷിക്കാൻ സാധിക്കണം. അതിന് നാമോരോരുത്തരും പ്രതിജ്ഞ എടുക്കാൻ കൂടി ഈ അവസരം വിനിയോഗിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

നമ്മൾ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ നേടിയ നേട്ടം ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് തന്നെ അത്ഭുതമാണ്. നമ്മൾ പല കാര്യങ്ങളിലും അന്താരാഷ്ട്ര നിലവാരത്തിൽ എത്താൻ സാധിച്ചിട്ടുണ്ട്. കേരളമിന്ന് ഡിജിറ്റൽ സ്റ്റേറ്റായിട്ടു മാറിയിരിക്കുകയാണ്. അങ്ങനെ നമ്മൾ ലക്ഷ്യമിട്ട വലിയ നേട്ടങ്ങൾ നമുക്ക് ഇനിയുള്ള പ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസമായിട്ട് മാറണം. ഈ നേട്ടങ്ങളുടെ ഇടയിൽ നമുക്കൊരു കോട്ടം സംഭവിച്ചു, അടിസ്ഥാന സൗകര്യങ്ങളുടെ വികസന രംഗത്തു നമ്മൾ അറിഞ്ഞോ അറിയാതെയോ വലിയ വീഴ്ച്ചകൾ വന്നിട്ടുണ്ട്. ആ അടിസ്ഥാന വികസന സൗകര്യങ്ങൾ നമുക്ക് വർധിപ്പിക്കണം, അതിലൂടെ കേരളത്തിന്റെ ടൂറിസം രംഗത്തേ അനന്തമായ സാധ്യതകൾ നമ്മൾ പ്രയോജനപ്പെടുത്തണം, വിവര സാങ്കേതിക മേഖല, ഉന്നത വിദ്യാഭ്യാസ രംഗം, ആയുർവേദം ഉൾപ്പടെയുള്ള ആരോഗ്യ സേവനമേഖലയുടെ പ്രവർത്തനം ഈ രംഗങ്ങളിൽ വൻതോതിലുള്ള ഒരു മുന്നേറ്റം ഉണ്ടാക്കുവാൻ സാധിക്കണം.

നമ്മൾ ഈ നേട്ടങ്ങളെ കുറിച്ച് പറയുന്പോൾ കേരളത്തിന് പുറത്തുള്ള, ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമുള്ള മലയാളികളുടെ ഈ അറുപത് വർഷത്തെ പങ്കാളിത്തം നമുക്കൊരിക്കലും വിസ്മരിക്കാൻ കഴിയില്ല. അവരുടെ സാമ്പത്തിക പങ്കാളിത്തത്തിന് ഉപരിയായി ഇന്ത്യയിലും പുറത്തുമുണ്ടാക്കിയ സൽപ്പേര് അഭിമാനകരമാണ്. അതുപോലെതന്നെ ലോകത്തെന്പാടും നടക്കുന്ന മാറ്റങ്ങൾ കേരളത്തിലും ഉൾകൊള്ളുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ട്ടിക്കുന്നതിനും അവർ വഹിച്ച പങ്ക് വളരെ വലുതാണ്. നമ്മുടെ നേട്ടങ്ങൾ ഉയർത്തി പിടിച്ചു കൊണ്ട് ഒറ്റ കെട്ടായി പ്രവർത്തിച്ചു ആത്മ വിശ്വാസത്തോടെ മുൻപോട്ട് പോകുവാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

Tags:    
News Summary - oommen chandy talked about kerala development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.