ഉമ്മന്‍ വി. ഉമ്മന്‍ റിപ്പോര്‍ട്ട്: ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജി തള്ളി

കൊച്ചി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മറികടക്കാന്‍ ജൈവവൈവിധ്യ ബോര്‍ഡ് കെട്ടിച്ചമച്ച ശിപാര്‍ശ റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചതെന്നും ഈ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി.

റിപ്പോര്‍ട്ടിലുള്ള തുടര്‍ നടപടിയുള്‍പ്പെടെ വിഷയം കേന്ദ്ര സര്‍ക്കാറിന്‍െറയും ഹരിത ട്രൈബ്യൂണലിന്‍െറയും പരിഗണനയിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ളെന്നുമുള്ള സര്‍ക്കാര്‍ വിശദീകരണത്തെ തുടര്‍ന്നാണ് ഹരജി അപക്വമെന്ന് വിലയിരുത്തി ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
മൂവാറ്റുപുഴ രണ്ടാര്‍ സ്വദേശി ലാല്‍ കുര്യനാണ് ഹരജി നല്‍കിയത്.  

കേരളത്തിലെ 123 വില്ളേജുകള്‍ പരിസ്ഥിതി പ്രാധാന്യമുള്ളതാണെന്ന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ ഇതിനെ മറികടക്കാനാണ് കഴിഞ്ഞ സര്‍ക്കാര്‍ ഉമ്മന്‍ വി. ഉമ്മന്‍ റിപ്പോര്‍ട്ട് ഉണ്ടാക്കിയതെന്നായിരുന്നു ഹരജിയിലെ ആരോപണം. 123 വില്ളേജുകളില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുണ്ടെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ പാടില്ളെന്ന് വ്യവസ്ഥയുണ്ട്.

തോട്ടമുടമകളുടെയും കൈയേറ്റക്കാരുടെയും കൈവശമുള്ള വനഭൂമിയുള്‍പ്പെടെയുള്ളവയെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍നിന്ന് രക്ഷിച്ചെടുക്കാനാണ് ജൈവവൈവിധ്യ ബോര്‍ഡിന്‍െറ കീഴില്‍ മറ്റൊരു റിപ്പോര്‍ട്ടുണ്ടാക്കിയത്. കൃഷിക്കാരുടെ പേരുപറഞ്ഞ് വനഭൂമി മാത്രമാണ് സംരക്ഷിക്കപ്പെടേണ്ട ഭൂമിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

വനം കൈയേറ്റക്കാരുടെയും മറ്റും കൈവശമുള്ള 3200 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ഒഴിവാക്കുകയും ചെയ്തു. ഈ നടപടിയെ വനം വകുപ്പ് എതിര്‍ത്തെങ്കിലും മറികടന്നാണ് ഉമ്മന്‍ വി. ഉമ്മന്‍ ശിപാര്‍ശ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കിയതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.
വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ കെട്ടിച്ചമച്ച സര്‍വേയുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ റിപ്പോര്‍ട്ട്.

ഇതിനു പിന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാനായിരുന്ന ഉമ്മന്‍ വി. ഉമ്മന്‍, മെംബര്‍ സെക്രട്ടറി ഡോ. കെ.പി. ലാലാദാസ് എന്നിവരുടെ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.

Tags:    
News Summary - Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.