വിതുമ്പി ആന്‍റണി; അന്ത്യാഭിവാദ്യവുമായി നേതാക്കൾ

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിലെത്തിച്ചു. അന്തിമോപചാരം അർപ്പിക്കാനായി ആയിരക്കണക്കിന് പേരാണ് പുതുപ്പള്ളി ഹൗസിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മൃതദേഹം കാണാനെത്തിയ എ.കെ ആന്‍റണി വിതുമ്പിക്കരഞ്ഞു. ഭാര്യ എലിസബത്തും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ഉച്ചക്ക് രണ്ടരയോടെ ബംഗളൂരുവിൽനിന്ന് പ്രത്യേക എയർ ആംബുലൻസിലാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം സ്വവസതിയായ പുതുപ്പള്ളിഹൗസിലേക്ക് കൊണ്ടുവരികയായിരുന്നു. ശേഷം സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും തിരുവനന്തപുരം സെന്‍റ് ജോർജ് കത്തീഡ്രലിലും ഇന്ദിര ഭവനിലും പൊതുദർശനം ഉണ്ടാകും.

ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് വിലാപയാത്ര ആരംഭിക്കും. വൈകീട്ട് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് ശേഷം രാത്രി പുതുപ്പള്ളിയിലെ കുടുംബ വീട്ടിലെത്തിക്കും. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ പുതുപ്പള്ളി പള്ളി സെമിത്തേരിയിലാണ് സംസ്കാരം.

മുൻമന്ത്രി ടി. ജോണിന്‍റെ ബംഗളൂരുവിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച ഉമ്മൻചാണ്ടിയുടെ ഭൗതികശരീരത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചിരുന്നു. തുടർന്ന് ഭൗതികശരീരം പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.

Tags:    
News Summary - Oommen Chandy's body reached Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.