തിരുവനന്തപുരം: സംസ്ഥാനത്ത് എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം പൂർണമായി വിതരണം ചെയ്തിട്ടില്ലെന്ന് നിയമസഭയിൽ പ്രതിപക്ഷം. എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകാത്തത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിലാണ് എൻ.എ. നെല്ലിക്കുന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ദുരിതാശ്വാസം സംബന്ധിച്ച സുപ്രീംകോടതി വിധി പൂർണമായി നടപ്പാക്കിയിട്ടില്ല. അർഹരായ 6000 പേരിൽ 1200 പേർക്ക് മാത്രമാണ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയത്. ദുരിതബാധിതർക്ക് പുനരധിവസം നടപ്പാക്കാനുള്ള പ്രവർത്തനം ഒരു വർഷമായി നിശ്ചലമാണെന്നും എൻ.എ. നെല്ലിക്കുന്ന് ചൂണ്ടിക്കാട്ടി.
എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയത്തിൽ മുഖ്യമന്ത്രി എത്ര യോഗം വിളിച്ചെന്നും കണക്ക് തരാൻ തയാറുണ്ടോ എന്നും എൻ.എ. നെല്ലിക്കുന്ന് ചോദിച്ചു. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് മുഖ്യമന്ത്രിക്കാണെന്നും എന്നാൽ മറുപടി പറയാൻ അദ്ദേഹം തയാറാകുന്നില്ലെന്നും എൻ.എ. നെല്ലിക്കുന്ന് കുറ്റപ്പെടുത്തി. എൻഡോസൾഫാൻ കമ്പനിയുടെ വക്താവായി കാസർകോട് മുൻ കലക്ടർ മാറിയെന്ന് വിമർശിച്ച നെല്ലിക്കുന്ന കലക്ടർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് സാമൂഹിക നീതി മന്ത്രി ആർ. ബിന്ദു സഭയെ അറിയിച്ചു. പുനരധിവാസം നടപ്പാക്കാനുള്ള പ്രവർത്തനം പുനഃസംഘടിപ്പിക്കും. വിവിധ സാമ്പത്തിക സഹായം കൃത്യമായി നൽകുന്നുണ്ട്. 171 കോടിയോളം രൂപ നഷ്ടപരിഹാരമായി നൽകി. 6.8 കോടിയുടെ വായ്പ എഴുതിത്തള്ളി. പുനരധിവാസ വില്ലേജ് സ്ഥാപിക്കാനായി 5 കോടി അനുവദിച്ചിട്ടുണ്ട്. ഇരകളുടെ കാര്യത്തിൽ സർക്കാറിന് യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയത്തിൽ സംസ്ഥാന സർക്കാറിന് ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വിവിധ വകുപ്പുകളുടെ ഏകോപനം വേണ്ട വിഷയമാണിത്. കാസർകോട് ജില്ലയിൽ വിദഗ്ധരായ ഡോക്ടർമാരില്ല. ആശുപത്രികളിൽ ട്രോമാ കെയർ സെന്‍ററില്ല. സാമ്പത്തിക സഹായം വേണമെന്ന് മെഡിക്കൽ ക്യാമ്പിൽ കണ്ടെത്തിയ 1031 പേരെ ഇതുവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. വിഷയത്തിൽ ഉടൻ തന്നെ മുഖ്യമന്ത്രി ഇടപെടണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
മന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് വാക്കൗട്ട് പ്രസംഗം നടത്തിയ പ്രതിപക്ഷ നേതാവ് സഭയിൽ നിന്ന് ഇറങ്ങിപ്പോയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.