തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ പ്ലസ് വൺ സീറ്റിലെ ക്ഷാമം ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. അടിയന്തര പ്രമേയത്തിന് ഷാഫി പറമ്പിലാണ് അവതരണാനുമതി തേടിയത്. പ്രതിസന്ധിക്ക് കാരണം പുതിയ ബാച്ചുകൾ അനുവദിക്കാത്തതെന്ന് ഷാഫി പറമ്പി ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ 22ാം തീയതി ആദ്യ ഘട്ട അലോട്ട്മെന്‍റ് അവസാനിച്ചതോടെ 2,71,000 സീറ്റുകളിൽ 2,18,000 പേർക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്. ബാക്കിയുള്ള കുട്ടികൾക്ക് ഇഷ്ടപ്പെട്ട വിഷയം പഠിക്കാൻ സാധിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ഈ വിഷയം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്ലസ് വണിന് അധിക ബാച്ച് അനുവദിക്കാൻ കഴിയില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി സഭയെ അറിയിച്ചു. സാമ്പത്തിക സാഹചര്യം ഇതിന് അനുവദിക്കുന്നില്ല. രണ്ടാം അലോട്ട്മെന്‍റ് കഴിഞ്ഞ ശേഷം സർക്കാർ സ്ഥിതി വിലയിരുത്തും. സംസ്ഥാനത്തെ ഏകജാലക സംവിധാനം വഴി 2,71,736 സീറ്റുകളിലേക്ക് 4,69,219 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.
ഇതില്‍ സ്‌പോര്‍ട്ട്‌സ് ക്വാട്ട അടക്കമുള്ള സീറ്റുകളില്‍ ഒഴിവ് വരുന്ന സീറ്റുകള്‍ ജനറലിലേക്ക് മാറ്റുന്നതിലൂടെ 1,92,959 സീറ്റുകള്‍ പുതുതായി ലഭ്യമാക്കുമെന്നും മന്ത്രി ശിവൻ കുട്ടി പറഞ്ഞു.
മലബാറിൽ മാത്രമല്ല തെക്കൻ മേഖലയിലും സമാനരീതിയിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ മലബാർ മേഖലയിലെ വിഷയം പ്രതിപക്ഷം ഉയർത്തിയിരുന്നു. ആറു ജില്ലകളിൽ മാത്രമല്ല സംസ്ഥാനത്താകെ ഈ വിഷയം ഉയരുന്നുണ്ട്. കഷ്ടപ്പെട്ട് പഠിച്ച വിദ്യാർഥികൾക്ക് അവർ ആഗ്രഹിക്കുന്ന വിഷയം കിട്ടാതെ ബുദ്ധിമുട്ടുകയാണെന്നും സതീശൻ പറഞ്ഞു.
തമിഴ്നാട്ടിലും കർണാടകത്തിലും പഠിക്കുന്ന വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകുന്നത് സംബന്ധിച്ച മന്ത്രിയുടെ പരാമർശങ്ങൾ പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചു. പത്താം ക്ലാസ് പരീക്ഷ തമിഴ്നാട്ടിലും കർണാടകത്തിലും നടന്നിട്ടില്ലെന്നും അതു കൊണ്ട് അഡ്മിഷൻ നൽകാൻ കഴിയില്ലെന്ന നിലപാടാണ് മന്ത്രി ശിവൻകുട്ടി സ്വീകരിച്ചത്. ''താങ്കളെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് സലാം'' എന്ന് വി.ഡി. സതീശൻ പരിഹസിച്ചു.
വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.