തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശത്രുപക്ഷ നായകനെ വീഴ്ത്തി ആദ്യഗോൾ നേടിയതോടെ പ്രതിപക്ഷ ആവേശം ടോപ് ഗിയറിൽ. സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാനുള്ള കോടിയേരി ബാലകൃഷ്ണെൻറ തീരുമാനത്തോടെ, സ്വർണക്കടത്തും ലഹരികടത്തും ഉന്നയിച്ച് നടത്തുന്ന പ്രചാരണങ്ങളിൽ കഴമ്പുണ്ടെന്ന് സ്ഥാപിക്കാനാകുമെന്ന് പ്രതിപക്ഷം വിലയിരുത്തുന്നു. ഇനി മുഖ്യമന്ത്രിയെ ഉന്നമിട്ട കടന്നാക്രമണത്തിെൻറ ശക്തിയും വർധിപ്പിക്കും. ഇതിനാവശ്യമായ മൂർച്ചയേറിയ ആയുധങ്ങൾ വരുംദിവസങ്ങളിൽ ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ട്.
അവധി ചികിത്സാർഥമാണെന്ന് സി.പി.എം അവകാശപ്പെടുന്നുണ്ടെങ്കിലും യു.ഡി.എഫ് അംഗീകരിക്കുന്നില്ല. നേരത്തെ ചികിത്സക്ക് പോയപ്പോള്‍ ചുമതല കൈമാറാത്തതാണ് ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യ പ്രശ്നങ്ങളുണ്ടാകുെമങ്കിലും മകനെതിരായ കേസുകളെ തുടര്‍ന്നുള്ള ഒഴിവാക്കാനാകാത്ത നടപടിയായി തീരുമാനത്തെ അവർ കാണുന്നു.
സി.പി.എമ്മിലെ അഭിപ്രായ വ്യത്യാസങ്ങള്‍ അതിന് കാരണമായെന്നും വിശ്വസിക്കുന്നു. ഗുരുതര ആരോപണങ്ങൾ നേരിടുന്ന മുഖ്യമന്ത്രിയിൽനിന്ന് പോലും കോടിയേരിക്ക് പിന്തുണ ലഭിച്ചില്ലെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സംഭവങ്ങളെല്ലാം തദ്ദേശ തെരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്ന വിശ്വാസം യു.ഡി.എഫിനുണ്ട്.
കോടിയേരി ഒഴിഞ്ഞതോടെ വിവാദ വിഷയങ്ങളിൽ സർക്കാറിനെതിരായ പ്രചാരണം പ്രതിപക്ഷത്തിന് ശക്തമാക്കാനാകും. ഭരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ ഗുരുതര ആരോപണങ്ങള്‍ ഉയർത്തുകയും മുഖ്യമന്ത്രിയുടെ ഒാഫിസിലെ കൂടുതൽ ആളുകളെ ചോദ്യംചെയ്യാൻ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിൽ കടന്നാക്രമണത്തിെൻറ മൂർച്ച വർധിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.
കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യംചെയ്യുമെന്ന പ്രതീക്ഷയും പ്രതിപക്ഷത്തുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ മൂർധന്യത്തിൽ അത്തരെമാരു സാഹചര്യമുണ്ടായാൽ പ്രതിപക്ഷത്തിന് അത് വജ്രായുധമാകുമെന്ന് മാത്രമല്ല, ഭരണത്തിെൻറ നിലനിൽപ് പോലും സംശയത്തിലാവുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.