തിരുവനന്തപുരം: പ്രതിപക്ഷം കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇ.എം.എസ് ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാവളപ്പിലെ ഇ.എം.എസ് പ്രതിമയ്ക്ക് മുന്നിൽ നടന്ന അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.
'എല്ലാ വികസന പ്രവർത്തനങ്ങളെയും പ്രതിപക്ഷം തടസ്സപ്പെടുത്തുകയാണ്. ഇങ്ങനെയൊരു പ്രതിപക്ഷം കേരളത്തിൽ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? യു.ഡി.എഫ് അധികാരത്തിലിരിക്കുന്ന സമയത്ത് ഇടതുപക്ഷം ഇതുപോലെയൊരു നിലപാട് സ്വീകരിച്ചിട്ടില്ല.
ഹൈസ്പീഡ് റെയിൽ കോറിഡോർ എന്ന നിർദേശം ഉമ്മൻ ചാണ്ടി സർക്കാർ മുന്നോട്ടുവെച്ചപ്പോൾ ഇടതുപക്ഷം എതിർത്തിട്ടില്ല. പക്ഷെ, അവർക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല.
പുതിയ വികസന പദ്ധതികൾ നിങ്ങൾ ചെയ്യേണ്ട എന്ന നിലപാട് സ്വീകരിക്കുന്നവരെക്കുറിച്ച് കേരളത്തിലെ ജനങ്ങൾ ചിന്തിക്കണം. ഇതിന്റെ പേരിൽ തെറ്റിദ്ധാരണ പരത്തി സംഘർഷവും കലാപവുമുണ്ടാക്കി കേരളത്തെ കലാപഭൂമിയാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. കോൺഗ്രസും ബി.ജെ.പിയും ജമാഅത്തെ ഇസ്‍ലാമിയും എസ്.ഡി.പിയുമെല്ലാം യോജിച്ചാണ് ഇത് ചെയ്യുന്നത്.
കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ശ്രമം ജനങ്ങൾ പരാജയപ്പെടുത്തണം. ജനങ്ങളെ അണിനിരത്തി വികസനപദ്ധതികൾ മുന്നോട്ടുകൊണ്ടുപോകും. എതിർപ്പ് പല കാര്യത്തിലും ഉണ്ടാകും. എതിർപ്പുകൾ കൊണ്ട് പദ്ധതി മാറ്റിവെക്കാനാവില്ല.
ഉന്നയിക്കുന്ന എതിർപ്പുകളിൽ വല്ല വസ്തുതയും ഉണ്ടോ എന്ന് സർക്കാർ പരിശോധിക്കും. പരിശോധിച്ചപ്പോൾ മനസ്സിലായത് എതിർപ്പിനുള്ള എതിർപ്പ് മാത്രമാണിത്.
സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടുന്ന സ്ഥലത്ത് പോയി കോൺഗ്രസുകാർ കല്ല് വാരിക്കൊണ്ടുപോവുകയാണ്. കുറച്ചു കല്ല് കൊണ്ടുപോയി എന്നുകരുതി പദ്ധതി തടയാൻ സാധിക്കില്ല. നശീകരണ രീതിയിലാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നത്' -കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.