വലിയതുറ സിമന്റ് ഗോഡൗണില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ 

സിമന്റ് ഗോഡൗണിലെ ദുരിതാശ്വാസ ക്യാമ്പില്‍ ക്രിസ്മസ് ആഘോഷിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വലിയതുറയിലെ സിമന്റ് ഗോഡൗണിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗോഡൗണില്‍ കഴിയുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും അരിയും പലവ്യജ്ഞന സാധനങ്ങളും ഉള്‍പ്പെടെയുള്ള ക്രിസ്മസ് കിറ്റുമായാണ് ദുരിതാശ്വാസ ക്യാമ്പില്‍ വി.ഡി സതീശനെത്തിയത്.

വയോധികരും കുട്ടികളും ഉള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികള്‍ സന്തോഷത്തോടെയാണ് അതിഥിയായി ദുരിതാശ്വാസ ക്യാമ്പിലെത്തിയ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരെ സ്വീകരിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ക്രിസ്മസ് കേക്ക് മുറിച്ചു. ഈ വര്‍ഷത്തെ ക്രിസ്മസ് വിരുന്ന് പൂര്‍ണമായും ഒഴിവാക്കിയാണ് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനും അവരെ സഹായിക്കാനും പ്രതിപക്ഷ നേതാവ് തീരുമാനിച്ചത്.

ഈ വര്‍ഷം ജൂലൈയിലാണ് വലിയതുറ സിമെന്റ് ഗോഡൗണിലെ ദുരിതാശ്വാസ ക്യാമ്പ് ആദ്യമായി സന്ദര്‍ശിച്ചത്. വായുവും വെളിച്ചവും കടക്കാത്ത ഗോഡൗണില്‍ നാല് വര്‍ഷമായി കഴിയുന്ന പാവങ്ങളുടെ ദയനീയാവസ്ഥ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. സിമന്റ് ഗോഡൗണില്‍ കഴിയുന്ന കുടുംബങ്ങളെ അടിയന്തിരമായി വാടക വീടുകളിലേക്ക് മാറ്റണമെന്നും അവരെ സ്ഥിരമായി പുനരധിവസിപ്പിക്കാന്‍ വീട് നിര്‍മ്മിച്ച് നല്‍കണമെന്നും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല -അദ്ദേഹം പറഞ്ഞു.

വിഷയം നിരന്തരമായി ഉന്നയിച്ചതിനെ തുടര്‍ന്ന് വാടക വീട്ടിലേക്ക് മാറ്റാമെന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് 23ന് പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ പ്രഖ്യാപനവും ഇതുവരെ നടപ്പായില്ല. ഗോഡൗണില്‍ കഴിയുന്നവരുടെ അവസ്ഥ കണ്ടാല്‍ ആര്‍ക്കും അത് സഹിക്കാന്‍ കഴിയില്ല. മനസില്‍ എപ്പോഴും ആ പാവങ്ങളുടെ ദുരിത ജീവിതമാണ് നിറയുന്നത്. അതുകൊണ്ടാണ് ഇത്തവണത്തെ ക്രിസ്മസ് ഇവിടെ ആഘോഷിക്കാന്‍ തീരുമാനിച്ചത് -വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി അവര്‍ക്ക് നീതി നേടിക്കൊടുക്കുന്നതു വരെ പ്രതിപക്ഷം നിയമസഭയിലും പുറത്തും പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം. വിന്‍സെന്റ് എം.എല്‍.എ, വി.എസ് ശിവകുമാര്‍ തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു.

Tags:    
News Summary - Opposition leader celebrating Christmas at a relief camp in Cement Godown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.