ഉന്നത വിദ്യാഭ്യാസ രംഗം: സിപിഎം കൂത്തുപറമ്പ് രക്തസാക്ഷികളോടും കേരളത്തോടും മാപ്പ് പറയണമെന്ന് വിഡി സതീശൻ

ഉന്നത വിദ്യാഭ്യാസ രംഗത്ത് പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിന് മുൻപ് സിപിഎം കൂത്തുപറമ്പ് രക്തസാക്ഷികളോടും കേരളത്തോടും മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വകാര്യ, കല്‍പിത സര്‍വകലാശാലകള്‍ അനുവദിക്കാനും പരമാവധി മേഖലകളില്‍ വിദേശ നിക്ഷേപം സ്വീകരിക്കാനും ഇടത് സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെത്തിയ എഡിബി ഉദ്യോഗസ്ഥരുടെ മേല്‍ കരി ഓയില്‍ ഒഴിച്ചവരാണ് സിപിഎം. സ്വകാര്യ മേഖലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ എസ്എഫ്ഐക്കാരെ വിട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്ന ടിപി ശ്രീനിവാസന്റെ കരണത്തടിപ്പിച്ചതും സിപിഎമ്മാണെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി.

ഇന്ന് തെറ്റ് തിരുത്തുമ്പോള്‍ പഴയകാല പ്രവൃത്തികള്‍ക്ക് കൂടി മാപ്പ് പറയണം. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരായ സമരത്തിന്റെ ഭാഗമായി മന്ത്രിയായിരുന്ന എംവി രാഘവനെ കണ്ണൂരില്‍ തടഞ്ഞ്, കലാപം സൃഷ്ടിച്ച് പൊലീസ് വെടിവയ്പ്പിലേക്ക് എത്തിച്ചതും സിപിഎമ്മാണ്. സ്വാശ്രയ സമരത്തെക്കൂടി സിപിഎം ഇപ്പോള്‍ തള്ളപ്പറയുകയാണ്. അതുകൊണ്ടു തന്നെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പ് ചോദിക്കാനുള്ള ബാധ്യത പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കുണ്ടെന്നും സതീശൻ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Opposition Leader vd satheesan news release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.